Monday, March 2, 2026
No menu items!
spot_img
HomeKerala200 കിമീ വേഗം, 20 സ്റ്റോപ്പുകള്‍; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ യാത്രാസമയം 3 മണിക്കൂര്‍...

200 കിമീ വേഗം, 20 സ്റ്റോപ്പുകള്‍; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ യാത്രാസമയം 3 മണിക്കൂര്‍ 20 മിനിറ്റ്, അതിവേഗ റെയില്‍പാതയില്‍ വ്യക്‌തതയുമായി മെട്രോമാന്‍

പൊന്നാനി: അതിവേഗ റെയില്‍പാതയില്‍ കൂടുതല്‍ വ്യക്‌തത വരുത്തി മെട്രോമാന്‍ ഇ. ശ്രീധരന്‍. നേരത്തെ നിര്‍ദേശിച്ച അലൈന്‍മെന്റിലും നിര്‍മ്മാണച്ചെലവിലും യാത്രാസമയത്തിലും മാറ്റങ്ങള്‍ വരുത്തിയാണ്‌ പുതിയ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. പൊന്നാനിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ സ്‌റ്റേഷനുകളും റെയില്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളും അടങ്ങിയ വിവരങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചത്‌. ഇവിടെ ഇതിനായി ഓഫീസ്‌ തുറന്നിരുന്നു. പുതുക്കിയ അലൈന്‍മെന്റില്‍ പത്തനംതിട്ട കൂടി ഉള്‍പ്പെടുന്നുണ്ട്‌. പുതിയ റൂട്ടുവഴി 20 സ്‌റ്റോപ്പാണുണ്ടാകുക. നേരത്തെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ 22 സ്‌റ്റേഷനുകളാണ്‌ ഉണ്ടായിരുന്നത്‌.

തിരൂര്‍, എടപ്പാള്‍ സ്‌റ്റോപ്പുകള്‍ പുതിയ റിപ്പോര്‍ട്ടിലില്ല. പകരം മലപ്പുറമാണ്‌ പുതിയ സ്‌റ്റോപ്പ്‌. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന്‌ ആരംഭിക്കുന്ന പാത ടണല്‍ വഴി തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക്‌ പ്രവേശിക്കും. തുടര്‍ന്ന്‌ വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി, തൃശൂര്‍, പട്ടാമ്പി, മലപ്പുറം, കരിപ്പൂര്‍, കോഴിക്കോട്‌, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക ടീമിനെ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്‌.

സാങ്കേതിക മികവോടെ വിഭാവനം ചെയ്‌തിരിക്കുന്ന പദ്ധതിയുടെ ഡിസൈന്‍ സ്‌പീഡ്‌ മണിക്കൂറില്‍ 200 കിലോമീറ്ററാണ്‌. എന്നാല്‍ കൊമേഴ്‌സ്യല്‍ സ്‌പീഡ്‌ മണിക്കൂറില്‍ 140 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്‌. ഈ അതിവേഗ പാത വഴി തിരുവനന്തപുരത്ത്‌ നിന്ന്‌ 3 മണിക്കൂര്‍ 20 മിനിറ്റ്‌ കൊണ്ട്‌ കണ്ണൂരെത്താമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ഓപ്പറേഷന്‍ സ്‌പീഡ്‌ 180 കിലോമീറ്ററായിരിക്കും. ആദ്യം കണക്ക്‌ കൂട്ടിയതിനേക്കാള്‍ ചെലവ്‌ കുറച്ചാണ്‌ പദ്ധതി പുതുക്കിയിരിക്കുന്നത്‌.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വതെയുള്ള 465 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ ദൂരത്തിലാണ്‌ സ്‌റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. കണ്ണൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എന്നിങ്ങനെ കേരളത്തിലെ മൂന്ന്‌ പ്രധാന വിമാനത്താവളങ്ങളെയും സര്‍വീസ്‌ ബന്ധിപ്പിക്കും.
പദ്ധതിക്കായുള്ള ഊര്‍ജലഭ്യത ഉറപ്പാക്കാന്‍ സ്‌റ്റേഷനുകളില്‍ സോളാര്‍ ഫാമുകള്‍ സ്‌ഥാപിക്കും. സൗരോര്‍ജം ഉത്‌പ്പാദിപ്പിക്കുന്നതിന്‌ ആവശ്യമായ ചെലവുകളും എസ്‌റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആദ്യ ഘട്ടത്തില്‍ 56,500 കോടി രൂപയാണ്‌ പദ്ധതിയുടെ നിര്‍മ്മാണ ചെലവായി കണക്കാക്കുന്നത്‌. നേരത്തെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു ലക്ഷം കോടിയായിരുന്നു ചെലവ്‌.

പ്രതിദിനം ശരാശരി അഞ്ച്‌ ലക്ഷം യാത്രക്കാര്‍ ഈ സേവനം പ്രയോജനപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ്‌ നിരക്കുകളും നിശ്‌ചയിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ എറണാകുളത്തേക്ക്‌ 440 രൂപയും, കോഴിക്കോട്ടേക്ക്‌ 640 രൂപയും, കണ്ണൂരിലേക്ക്‌ 780 രൂപയുമാണ്‌ പ്രതീക്ഷിക്കുന്ന ടിക്കറ്റ്‌ നിരക്ക്‌. നിലവിലുള്ള വന്ദേഭാരതിനെക്കാള്‍ കുറഞ്ഞ നിരക്കാണ്‌ ശ്രീധരന്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലുള്ളത്‌.
കൊങ്കണ്‍ റെയില്‍ മാതൃകയിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌. സ്‌പെഷ്വല്‍ പര്‍പസ്‌ വെഹിക്കള്‍ രൂപീകരിക്കും.

കേരള ഹൈസ്‌പീഡ്‌ റയില്‍ കോര്‍പ്പറേഷന്‍ എന്നാണ്‌ പേര്‌ നിര്‍ദ്ദേശിക്കുന്നത്‌. കമ്പനിയില്‍ 51 ശതമാനം കേന്ദ്രസര്‍ക്കാറിനും 49 ശതമാനം സംസ്‌ഥാന സര്‍ക്കാറിനുമായിരിക്കും ഷെയര്‍. 70 ശതമാനം പണമാണ്‌ ഇരു സര്‍ക്കാറുകളും നല്‍കേണ്ടിവരിക. 30 ശതമാനം ബോണ്ട്‌ വ്യവസ്‌ഥയില്‍ സമാഹരിക്കും. ഇതുപ്രകാരം 20171 കോടിയായിരിക്കും കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ട വിഹിതം. സംസ്‌ഥാന സര്‍ക്കാര്‍ മുടക്കേണ്ടത്‌ 19380 കോടി.
രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍-കാസര്‍ക്കോട്‌, കോഴിക്കോട്‌-കല്‍പ്പറ്റ, പട്ടാമ്പി-പാലക്കാട്‌, തൃശൂര്‍-പാലക്കാട്‌, തൃശൂര്‍-ഗുരുവായൂര്‍, പത്തനംതിട്ട-പമ്പ, തിരുവനന്തപുരം-പാറശ്ശാല കണക്ഷനുകളാണ്‌ ലക്ഷ്യമിടുന്നത്‌. 35000 കോടിയാണ്‌ ഇതിന്‌ ചെലവ്‌ കണക്കാക്കുന്നത്‌.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments