കഴിഞ്ഞ 16 ഐ.പി.എല്‍. സീസണുകളിലും കിട്ടാക്കനിയായ കിരീടം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ വരവ്. മുന്‍കാലങ്ങളിലേതുപോലെ താരസമ്പന്നത്തില്‍ ലോഭമൊന്നുമില്ലാത്ത ടീമാണ് ഇത്തവണത്തേതും.
ഏറ്റവും ഒടുവിലായി പേരിലും ലോഗോയിലും ചെറിയ മാറ്റംവരുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡ്യൂപ്ലെസി നായകനായ ടീം കളത്തിലിറങ്ങാന്‍ തയാറെടുക്കുന്നത്. പേരിനൊപ്പമുണ്ടായിരുന്ന ബാംഗ്ലൂരിനെ ബംഗളുരുവാക്കിയാണ് വരവ്. ലോഗോയിലും നേരിയ മാറ്റംവരുത്തിയിട്ടുണ്ട്.
ചെറിയമാറ്റങ്ങള്‍ കിരീടവരള്‍ച്ചയ്‌ക്കു വിരാമമിടുമോയെന്നു കാത്തിരുന്നു കാണാം. പുരുഷ ടീമിനു സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം ആര്‍.സി.ബി. വനിതകള്‍ സ്വന്തമാക്കിയ വര്‍ഷം കൂടിയാണിത്. ഡല്‍ഹിയെ വീഴ്‌ത്തി വനിതാ പ്രീമിയര്‍ ലീഗ് ജേതാക്കളായതിന്റെ ആവേശം പുരുഷടീമിനെയും പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിലാണു ടീം മാനേജ്‌മെന്റ്.
ബാറ്റിങ് കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ശരാശരി ബൗളര്‍മാരുമായി മികച്ച പ്രകടനത്തിനു ശ്രമിക്കുകയെന്ന തന്ത്രമാണ് ഇത്തവണയും ആര്‍.സി.ബി. പയറ്റുന്നത്. നായകന്‍ ഫാഫ് ഡ്യൂപ്ലെസി, വിരാട് കോഹ്ലി, രജത് പാട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കൊപ്പം പുതുതായി ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനുമായിരിക്കും മുന്‍നിര ബാറ്റര്‍മാര്‍.
ഈ സീസണോടെ കളമൊഴിയുമെന്നു സൂചിപ്പിച്ച ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കാക്കും. പേസ് ബൗളര്‍മാരുടെ ഗണത്തില്‍ മുഹമ്മദ് സിറാജിനു സ്‌ഥാനം ഉറപ്പാണ്.
റീസ് ടോപ്‌ലെ, ലോക്കി ഫെര്‍ഗൂസണ്‍, ടോം കറണ്‍, അല്‍സാരി ജോസഫ് ഇവരെ മാറിമാറി പരീക്ഷിക്കാനാണു സാധ്യത. ഇന്ത്യന്‍ പേസര്‍മാരായി ടീമിലുള്ള ആകാശ് ദീപും കഴിഞ്ഞ എട്ട് രഞ്‌ജി മത്സരങ്ങളില്‍നിന്ന് 39 ഇരകളെ കണ്ടെത്തിയ വിജയ് കുമാര്‍ വൈശാഖും മികവു തെളിയിച്ചവരാണ്.
13 ഇന്നിങ്‌സില്‍നിന്ന് 343 റണ്ണടിച്ച വൈശാഖ് ബാറ്റുകൊണ്ടും തിളങ്ങും. സ്‌പിന്നര്‍മാരായി മഹിപാല്‍ ലോംറോറും കാണ്‍ ശര്‍മയ്‌ക്കുമായിരിക്കും മുന്‍ഗണന.
കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിനു യോഗ്യത നേടാനാകാതെ പതിച്ച ആറാം സ്‌ഥാനത്തുനിന്നു കരകയറി നാണക്കേടു മായ്‌ക്കാനാകും മുഖ്യപരിശീലകന്‍ സഞ്‌ജയ് ബാംഗര്‍ ടീമംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2009, 2011, 2016 വര്‍ഷങ്ങളില്‍ റണ്ണറപ്പും 2010, 2015, 2022 വര്‍ഷങ്ങളില്‍ മൂന്നാം സ്‌ഥാനത്തുമെത്തിയതാണ് ഇതുവരെയുള്ള ടീമിന്റെ മികച്ച പ്രകടനം. ആകെ കളിച്ച 241 മത്സരങ്ങളില്‍ 114 എണ്ണത്തിലാണ് ആര്‍.സി.ബി. വിജയതീരമണഞ്ഞത്.