മനുഷ്യശരീരത്തിലെ സുപ്രധാന ഗ്രന്ഥിയാണ് തൈറോയ്ഡ്. കഴുത്തിന്റെ മുന്‍വശത്താണ് ഈ ഗ്രന്ഥിയുടെ സ്ഥാനം. തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ് തൈറോക്‌സിന്‍. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ട്. ശരീരകോശങ്ങളുടെ പ്രവര്‍ത്തനത്തിന് തൈറോയ്ഡും തൈറോക്‌സിന്‍ ഹോര്‍മോണും നിര്‍ണായക പങ്ക് വഹിക്കുന്നു.
സ്ത്രീകളിലെ തൈറോയ്ഡ്
സാധാരണ തൈറോയ്ക്‌സിന്‍ ഹോര്‍മോണ്‍ സ്ത്രീ ശരീരത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാല്‍ സ്ത്രീകളില്‍ തൈറോയ്ഡ് രോഗങ്ങള്‍ അധികമായി കണ്ടുവരുന്നു. തൈറോക്‌സിന്‍ സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഹൈപ്പര്‍തൈറോയ്ഡിസം
ശരീരം ആവശ്യത്തില്‍ കൂടുതല്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയാണെങ്കില്‍ അതിനെ ഹൈപ്പര്‍തൈറോയ്ഡിസം എന്നു പറയുന്നു. ആവശ്യത്തിന് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡിസം എന്നും വിളിക്കുന്നു. ഈ രണ്ട് അവസ്ഥകളും ഗൗരവമേറിയതും ചികിത്സ ആവശ്യമുള്ളവതുമായ ആരോഗ്യപ്രശ്‌നങ്ങളാണ്. ഹൃദയം, പേശികള്‍, അസ്ഥി, ദഹനം, തലച്ചോറിന്റെ വികാസം എന്നിവ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ തൈറോയിഡ് ഗ്രന്ഥിക്ക് വലിയ പങ്കുണ്ട്.
ഗോയിറ്റര്‍
നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന അയഡിന്റെ ലഭ്യത അനുസരിച്ചാണ് തൈറോയ്ഡിന്റെ ശരിയായ പ്രവര്‍ത്തനം നടക്കുന്നത്. ഒരു ദിവസം ശരീരത്തിന് ശരാശരി 100 മുതല്‍ 150 മൈക്രോ ഗ്രാം വരെ അയഡിന്‍ ആവശ്യമാണ്. അയഡിന്റെ അളവ് ഭക്ഷണത്തില്‍ കുറയുമ്പോഴാണ് ഗോയിറ്റര്‍ ഉണ്ടാകുന്നത്. ഹൈപ്പോതൈറോയ്ഡിസം ശരിയായ സമയം ചികിത്സിച്ചില്ലെങ്കില്‍ ഗോയിറ്റര്‍ പോലുള്ള സങ്കീര്‍ണമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. തുടര്‍ച്ചയായി രക്തത്തില്‍ തൈറോക്‌സിന്‍ ഹോര്‍മോണ്‍ കുറവ് അനുഭവപ്പെട്ടാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ തുടര്‍ച്ചയായ ഉദ്ദീപനത്തിന് കരണമാകുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിന് കാരണമാകുന്നു. ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥി വീക്കം വയ്ക്കുന്നതാണ് ഗോയിറ്റര്‍.