ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കേജ്‌രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കെജ് രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.കേജ്‌രിവാളിന്റെ വീടിനു പുറത്തു പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി എത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെ ഇഡി കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനെ നാളെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും. ഇ ഡി ആസ്ഥാനത്ത് വൈദ്യപരിശോധന നടത്തും. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു.
ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപന സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 ലാണു പ്രാബല്യത്തിൽ വന്നത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിച്ച സിബിഐ ക്രമക്കേടുണ്ടെന്നു കാട്ടി പ്രാഥമിക റിപ്പോർട്ട് നല്‍കി. ഇതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദത്തെ തുടര്‍ന്ന് 2023 ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതായിരുന്നു കേസിലെ പ്രധാന ആരോപണം.
സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്തു. മദ്യനയത്തിലെ ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 6 വരെ നീട്ടി. ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.
2021-22 വര്‍ഷത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച എക്‌സൈസ് നയത്തില്‍ അഴിമതിയും ഗൂഢാലോചനയും നടന്നുവെന്നും അതുവഴി 2,873 കോടി രൂപ ഖജനാവിന് നഷ്ടപ്പെട്ടുവെന്നുമാണ് കേസ്.