വാഷിങ്ടൻ ഡി സി : പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും തങ്ങളുടെ പ്രധാനപ്പെട്ട ഗവേഷണ വികസന ഓഫിസ് (ORD) നിർത്തലാക്കാനും പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇപിഎ അഡ്മിനിസ്ട്രേറ്റർ ലീ സെൽഡിൻ ഒരു ‘റിഡക്ഷൻ ഇൻ ഫോഴ്സ്’ (RIF)നടപ്പിലാക്കുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
നികുതിദായകരുടെ പണം കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സെൽഡിൻ പ്രസ്താവനയിൽ വ്യക്തമാക്കി. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഏജൻസി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ “സംഘടനാപരമായ മെച്ചപ്പെടുത്തലുകളിലൂടെ” ഇപിഎയ്ക്ക് 748.8 ദശലക്ഷം ഡോളർ ലാഭിക്കാൻ കഴിയുമെന്നും, 12,448 ജീവനക്കാരുമായി പ്രവർത്തനം തുടരുമെന്നും അവർ അറിയിച്ചു. ഈ വർഷം ജനുവരിയിൽ ഇപിഎയുടെ ജീവനക്കാരുടെ എണ്ണം 16,155 ആയിരുന്നു.
നേരത്തെ നടപ്പാക്കിയ സ്വമേധയാ വിരമിക്കൽ, രാജിവയ്ക്കൽ പദ്ധതികളിലൂടെ ഇതിനോടകം നൂറുകണക്കിന് ജീവനക്കാർ ഏജൻസി വിട്ടുപോയിരുന്നു. ഇതിനായി 3,201 അപേക്ഷകളാണ് ഇപിഎയ്ക്ക് ലഭിച്ചത്. ഇതിനുപുറമെ, 280 പരിസ്ഥിതി നീതി ജീവനക്കാർക്ക് നേരത്തെ ആർഐഎഫ് നോട്ടിസ് അയച്ചിരുന്നു.
ഗവേഷണ ഓഫിസ് കാര്യക്ഷമമാക്കുന്നതിനും നിയമപരമായ ആവശ്യകതകൾ നിറവേറ്റുന്നതിനുമായി “പുനഃക്രമീകരിക്കാനും ഇല്ലാതാക്കാനുമുള്ള” തീരുമാനമെടുത്തതായി ഇപിഎ വക്താവ് മോളി വാസലിയോ അറിയിച്ചു. അടുത്ത ഘട്ടമായി വ്യക്തിഗത ജീവനക്കാർക്ക് ആർഐഎഫ് നോട്ടിസുകൾ നൽകും. ഒആർഡിയുടെ പ്രധാന പ്രവർത്തനങ്ങൾ ഇപിഎയുടെ നിലവിലുള്ള വായു, ജലം, രാസവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലേക്കോ അഡ്മിനിസ്ട്രേറ്ററുടെ കീഴിലുള്ള പുതിയ സയൻസ് ഓഫിസിലേക്കോ മാറ്റുമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ച് മുതൽ ഒആർഡി ജീവനക്കാർ പിരിച്ചുവിടലുകൾക്കായി തയ്യാറെടുക്കുകയായിരുന്നു. ഡ്രാഫ്റ്റ് പുനഃസംഘടന പദ്ധതികൾ മാധ്യമങ്ങൾക്ക് ചോർന്നതിനെ തുടർന്നാണ് ഇത്. പല ജീവനക്കാരെയും പിരിച്ചുവിടുകയോ മറ്റ് തസ്തികകളിലേക്ക് മാറ്റുകയോ ചെയ്യുമെന്ന സൂചനകളും അന്നുണ്ടായിരുന്നു.
ഇപിഎയിലെ ഏറ്റവും വലിയ യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് കൗൺസിൽ 238-ന്റെ പ്രസിഡന്റ് ജസ്റ്റിൻ ചെൻ ഈ നടപടിയെ ശക്തമായി അപലപിച്ചു. ഗവേഷണ ഓഫിസ് “ഇപിഎയുടെ ഹൃദയവും തലച്ചോറുമാണ്, അതില്ലാതെ മനുഷ്യന്റെ ആരോഗ്യത്തിലും പരിസ്ഥിതിയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്താൻ ഞങ്ങൾക്ക് കഴിയില്ല” എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ നടപടി രാജ്യത്തെ പൊതുജനാരോഗ്യത്തെ ഗുരുതരമായി തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.