ജൂലൈ 15 നാണ് ഇന്ത്യയിലെ ആദ്യ ടെസ്‌ല ഡീലര്‍ഷിപ്പ് മുംബൈയില്‍ ആരംഭിച്ചത്. ഏറെ കാത്തിരിപ്പിന് ഒടുവിലാണ് ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. മുംബൈ ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ ടെസ്‌ല വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ തന്നെ അതിനുള്ള അവസരം ലഭിക്കുകയാണ്. ടെസ്‌ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളിലൊന്നായ മോഡല്‍ വൈ ആണ് ആദ്യ വാഹനമായി ടെസ്‌ല ഇന്ത്യയിൽ എത്തിച്ചത്.
വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയതോടുകൂടി വാഹനങ്ങൾ വാങ്ങാനായി സാമ്പത്തിക പിന്തുണയും കമ്പനി നൽകുന്നുണ്ട്. ഇതിനായി കോട്ടക് മഹീന്ദ്രയാണ് ടെസ്‌ലയുമായി സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് കോട്ടക് മഹീന്ദ്ര പ്രൈം സാമ്പത്തിക സഹായം നൽകും. കോട്ടക് ഗ്രൂപ്പിന്റെ ഓട്ടോ ഫിനാൻസിങ് വിഭാഗമായ കോട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡാണ് സഹകരണവുമായി എത്തിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന, ടെസ്‌ലയുമായി സഹകരിക്കുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനമാണിത്. ടെസ്‌ല ഇവി വാങ്ങുന്നവർക്കായി കോട്ടക് മഹീന്ദ്ര പ്രൈം പ്രത്യേക കാർ ഫിനാൻസ് പ്ലാനുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ടെസ്‌ലയുടെയും കോട്ടക് മഹീന്ദ്ര പ്രൈമിന്റെയും വെബ്സൈറ്റിൽ ഉപഭോക്താക്കൾക്ക് കോട്ടക് മഹീന്ദ്ര പ്രൈമിന്റെ ഇതുമായി ബന്ധപ്പെട്ട പുതിയ സ്കീമുകളും ഓപ്ഷനുകളും കാണാൻ കഴിയും. ഇവിടെമാത്രമല്ല ആപ്പുകളിലും വായ്പ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
രണ്ടു മോഡലുകളുമായി ഇന്ത്യയിൽ എത്തുന്ന വൈയുടെ റിയർ വീൽ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയർവീൽ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓൺറോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. ജിഎസ്ടി, ടിസിഎസ് 1 ശതമാനം, അഡ്മിനിസ്ട്രേഷൻ ആന്റ് സർവീസ് ഫീസ്, ഫാസ്ടാഗ് എന്നിവയുടെ ചാർജ് അടക്കമാണ് ഓൺറോഡ് വില കണക്കാക്കിയിരിക്കുന്നത്, തുടക്കത്തിൽ ഡൽഹി, ഗുരുഗ്രാം, മുംബൈ എന്നീ സ്ഥലങ്ങളിലായിരിക്കും കാർ ലഭിക്കുക.