ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനത്തിനു ഇന്നു തുടക്കം. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരന്ദ്ര മോദി മാധ്യമങ്ങളെ കാണും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.
ഓപ്പറേഷൻ സിന്ദൂറിൽ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. അഹമ്മദാബാദിലെ എയർഇന്ത്യ വിമാനദുരന്തം, വോട്ടർപട്ടിക പരിഷ്കരണം, ഇന്ത്യയുടെ വിദേശനയം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.
വർഷകാല സമ്മേളനം സുഗമമായും ഫലപ്രദമായും നടത്താൻ കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി. സർവകക്ഷി യോഗത്തിൽ 51 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 54 പ്രതിനിധികൾ പങ്കെടുത്തു.