വാഷിംഗ്ടൺ: ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുമായി ന്യൂയോർക്കിൽ വച്ച് കൂടിക്കാഴ്ച നടത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ നടത്തുന്ന മദ്ധ്യസ്ഥ ശ്രമങ്ങളും യു.എസുമായുള്ള ഖത്തറിന്റെ പ്രതിരോധ സഹകരണവും ചർച്ചയായി. ട്രംപ് ഒരുക്കിയ വിരുന്നിൽ അൽ താനി പങ്കെടുത്തു. ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തോടുള്ള അതൃപ്തി ട്രംപ് ഇസ്രയേലിനെ അറിയിച്ചിരുന്നു. യു.എസിന്റെ നാറ്റോ ഇതര പങ്കാളിയാണ് ഖത്തർ.