ലണ്ടൻ: ബ്രിട്ടനിൽ തീവ്രവലതുപക്ഷ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്തിൽ അരങ്ങേറിയ വമ്പൻ കുടിയേറ്റ വിരുദ്ധ റാലിക്കിടെ സംഘർഷം. 25 പേർ അറസ്റ്റിലായി. 26 പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ അനുവദിക്കപ്പെട്ട റൂട്ടിൽ നിന്ന് മാറി സഞ്ചരിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസുകാർക്ക് നേരെ കുപ്പികളും മറ്റും എറിഞ്ഞു.
‘യുണൈറ്റ് ദ കിംഗ്‌ഡം” എന്ന പേരിൽ ലണ്ടനിൽ നടത്തിയ കുടിയേറ്റ വിരുദ്ധ റാലിയിൽ 1,50,000 പേർ
ഇംഗ്ലണ്ടിന്റെയും ബ്രിട്ടന്റെയും പതാകകളുമായി അണിനിരന്നെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. ആധുനിക കാലത്ത് യു.കെ കണ്ട ഏറ്റവും വലിയ വലതുപക്ഷ പ്രതിഷേധമായി മാറി ഇത്. കുടിയേറ്റ വിരുദ്ധ റാലിക്കെതിരെ ‘ സ്റ്റാൻഡ് അപ് ടു റേസിസം” എന്ന പേരിൽ 5,000ത്തോളം പേർ പങ്കെടുത്ത മറ്റൊരു പ്രതിരോധ റാലിയും നടന്നു. 1,600 പൊലീസുകാരെയാണ് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത്.
പ്രധാനമന്ത്രി കിയർ സ്റ്റാമറിനെയും അനധികൃത കുടിയേറ്റത്തെയും രൂക്ഷമായി വിമർശിച്ച് പ്രതിഷേധക്കാർ രംഗത്തെത്തി. ദേശസ്നേഹത്തിന്റെ വേലിയേറ്റത്തിനാണ് ലണ്ടൻ സാക്ഷ്യം വഹിച്ചതെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവെ ടോമി റോബിൻസൺ പറഞ്ഞു.
അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യൂറോപ്പിലെ മറ്റ് തീവ്ര വലതുപക്ഷ നേതാക്കളുടെയും വീഡിയോ സന്ദേശങ്ങളും പ്രതിഷേധ റാലിയിൽ പ്രദർശിപ്പിച്ചു. ബ്രിട്ടനിൽ ഭരണമാറ്റമുണ്ടാകണമെന്നും ബ്രിട്ടീഷ് ജനത ഇന്ന് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ഭയപ്പെടുകയാണെന്നും മസ്ക് പറഞ്ഞു.