ന്യൂഡൽഹി: കേന്ദ്ര സർക്കാരും ജി.എസ്.ടി കൗൺസിലും പ്രഖ്യാപിച്ച ചരക്ക് സേവന നികുതി ആനുകൂല്യത്തിൽ ‘റെയിൽ നീര്’ കുപ്പിവെള്ളത്തിനും വില കുറക്കുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ഇന്നലെ റെയിൽവേ പുറത്തിറക്കിയ ഉത്തരവിലാണ് ജി.എസ്.ടി 2.0 പ്രകാരം കുപ്പിവെള്ളത്തിന് വില കുറക്കുമെന്ന് പ്രഖ്യാപിച്ചത്.
റെയിൽവേ ഉത്തരവ് പ്രകാരം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) നിർമിക്കുന്ന ഒരു ലിറ്ററിന്റെ റെയിൽ നീര് കുപ്പിവെള്ളത്തിന് ജി.എസ്.ടി ഇളവുകൾ പ്രകാരം ഇനിമുതൽ 14 രൂപ നൽകിയാൽ മതി. നിലവിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില. കൂടാതെ 500 എം.എൽ കുപ്പിവെള്ളത്തിന് 10 രൂപയിൽ നിന്ന് ഒമ്പത് രൂപയായി വില കുറച്ചിട്ടുണ്ട്. സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജി.എസ്.ടി 2.0 പ്രകാരം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും ഇനിമുതൽ പുതിയ വില നൽകിയാൽ മതിയാകും.
എന്താണ് പുതിയ ജി.എസ്.ടി പരിഷ്‌ക്കരണം?
സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ജി.എസ്.ടി പരിഷ്‌ക്കരണം രണ്ട് സ്ലാബുകളായാണ് രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജി.എസ്.ടി ഘടനയിൽ മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും ഇനിമുതൽ 5,18 എന്നീ രണ്ട് ശതമാനം നികുതി മാത്രമേ ഈടാക്കുകയൊള്ളു. എന്നാൽ ആഡംബര വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തും. പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും 28 ശതമാനം സെസ് വിഭാഗത്തിൽ തുടരും. നിലവിൽ, ചരക്ക് സേവന നികുതി (ജി.എസ്.ടി) 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലാണ് ചുമത്തുന്നത്. കൂടാതെ, ആഡംബര വസ്തുക്കൾക്കും ഡീ മെറിറ്റ് വസ്തുക്കൾക്കും നഷ്ടപരിഹാര സെസ് ചുമത്തുന്നുണ്ട്.