പോപ് താരമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന്റെ വിവാഹനിശ്ചയ മോതിരമാണ് ചര്‍ച്ചാ വിഷയം. അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ട്രാവിസ് കെല്‍സിനെയാണ് സ്വിഫ്റ്റ് വിവാഹം ചെയ്യുന്നത്. ഏകദേശം 4.8 കോടി രൂപ വില വരുന്ന വിവാഹ മോതിരം ആഡംബര കടയില്‍ നിന്ന് വാങ്ങിയതല്ല. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ആര്‍ട്ടിഫെക്‌സ് ഫൈന്‍ ജ്വല്ലറിയിലെ കിന്‍ഡ്രഡ് ലൂബെക്കുമായി ചേര്‍ന്ന് ട്രാവിസ് കെല്‍സി തന്നെ ഡിസൈന്‍ ചെയ്‌തെടുത്തതാണ്.
കൈ കൊണ്ട് കൊത്തിയെടുത്ത മനോഹരമായ 18 കാരറ്റ് യെല്ലോ ഗോള്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന 10 കാരറ്റ് ഭാരമുള്ള വജ്രമാണ് ഈ മോതിരത്തിലുള്ളത്. മോതിരത്തിന്റെ കൃത്യമായ വിലയെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും വിദഗ്ധര്‍ പറയുന്നത് പ്രകാരം ഏകദേശം 550,000 ഡോളര്‍ മുതല്‍ 750,000 ഡോളര്‍ വരെ വിലവരും. ഏകദേശം 4.5 കോടി മുതല്‍ 6.2 കോടി രൂപയെങ്കിലും വരും ഈ തുക. ഓള്‍ഡ് മൈന്‍ കട്ട് (Old Mine Cut) ഡയമണ്ടാണ് മോതിരത്തിന്റെ പ്രധാന ആകര്‍ഷണം. പഴയകാലത്തെ ഡയമണ്ട് കട്ടിങ് രീതിയാണിത്. ഡയമണ്ടിന് പ്രത്യേക തിളക്കവും വിന്റേജ് സൗന്ദര്യവുമാണ് ഇതിന്റെ സവിശേഷത.
വിന്റേജ് ശൈലിയിലുള്ള ഈ മോതിരത്തിന് ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്. ടെയ്‌ലറിന്റെ മോതിരത്തിലെ വിന്റേജ് സ്‌റ്റൈല്‍, ഓള്‍ഡ് മൈന്‍ കട്ട്, കൊത്തുപണികള്‍ എന്നിവ ഇന്ത്യന്‍ ആഭരണങ്ങളുമായി സാമ്യമുള്ളതാണ്. കുഷ്യന്‍ വജ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഡയമണ്ടാണ് ആ മോതിരത്തില്‍ പതിപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 7-10 കാരറ്റ് വരെ കണക്കാക്കുന്ന ഈ ഡയമണ്ടുകള്‍ 18,19 നൂറ്റാണ്ടുകളിലുള്ളവയാണെന്നാണ് കണ്ടെത്തൽ. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പ്രശസ്തമാകുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്നാണ് ഈ വജ്രം ഖനനം നടത്തിയിരുന്നത്.
ഏകദേശം 2,000 വര്‍ഷം മുമ്പ് ഇന്നത്തെ ആന്ധ്രാപ്രദേശ് ഉള്‍പ്പെടുന്ന ഗോല്‍ക്കൊണ്ട മേഖലയില്‍ നിന്നാണ് ഇത്തരം വജ്രങ്ങള്‍ വന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കടത്തികൊണ്ടുവന്ന വജ്രമാണ് ഇതെന്നും പറയപ്പെടുന്നു. കൊല്ലൂരിനും മറ്റ് ഖനന സ്ഥലങ്ങള്‍ക്കും സമീപമുള്ള കൃഷ്ണ, ഗോദാവരി താഴ്വരകളിലെ നദീതടങ്ങളില്‍ നിന്നും ഗുഹകളില്‍ നിന്നുമാണ് ഈ കല്ലുകള്‍ വേര്‍തിരിച്ചെടുത്തതെന്ന ചരിത്രവുമുണ്ട്.
രാസപരമായി ഏറ്റവും ശുദ്ധമായ വിഭാഗത്തില്‍പ്പെട്ട ഈ മേഖലയിലെ വജ്രങ്ങള്‍, അവയുടെ അതുല്യമായ സുതാര്യതക്കും തിളക്കത്തിനും പേരുകേട്ടതാണ്. എന്നാല്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഈ മോതിരം ഗോല്‍ക്കൊണ്ടയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഔദ്യോഗിക രേഖകളൊന്നുമില്ല. ഈ ഇന്ത്യന്‍ ബന്ധം കൗതുകകരമായ ഒരു സാധ്യത മാത്രമായാണ് നിലനില്‍ക്കുന്നത്.