ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക ആസ്ഥാനത്തിന് സമീപം ഉഗ്രസ്‌ഫോടനം. കാർ ബോംബ് സ്‌ഫോടനത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്വറ്റയിലെ സർഗൂൺ റോഡിലുള്ള എഫ് സി (ഫ്രോണ്ടിയർ കോൺസ്റ്റാബുലറി) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പ്രദേശത്തേക്ക് വരികയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും ബാക്കിയുള്ളവർ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾക്കപ്പുറം വരെ കേട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നഗരത്തിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി ബഖത് കക്കർ പ്രതികരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ഇവിടെ ഇടയ്ക്കിടെ ഭീകരാക്രമണങ്ങൾ ഉണ്ടാകാറുണ്ട്. സെപ്തംബർ മൂന്നിന് ക്വറ്റയിൽ റാലിക്കിടെ ചാവേറാക്രമണം ഉണ്ടായി. അന്ന് പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.