മുംബൈ: പൊതുമേഖല ഇൻഷുറൻസ് സേവന ദാതാവായ ന്യു ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിന് 2,379 കോടി രൂപയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) ഡിമാൻഡ് നോട്ടീസ്. പാൽഘഡ് കമ്മീഷണറേറ്റിലെ സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് അഡീഷണൽ കമ്മീഷണറുടേതാണ് ഉത്തരവ്. സംയുക്ത ഇൻഷുറൻസ് പ്രീമിയം തുകകൾക്കും, റീ ഇൻഷുറൻസ് കമ്പനികൾക്ക് നൽകിയ കമീഷനും ജി.എസ്.ടി അടക്കുന്നതിൽ വരുത്തി വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
നടപടി പ്രവർത്തനത്തെ ബാധിക്കില്ലെന്നും സാമ്പത്തികമായ പ്രത്യാഘാതമുണ്ടാക്കില്ലെന്നും കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. അധികൃതരുടെ നടപടിയിൽ നിശ്ചിത സമയത്തിൽ കൃത്യമായി വിശദീകരണം നൽകും. നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇൻഷുറൻസ് വ്യവസായത്തിലാകെ നിലനിൽക്കുന്ന വിഷയമാണ്. ബന്ധപ്പെട്ട ഓഫീസിൽ സമയബന്ധിതമായി വിശദീകരണം സമർപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരിവില നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ 0.55 ശതമാനം ഉയർന്ന് 189.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ 17.94 ശതമാനം ഇടിവാണ് ഓഹരിവിലയിൽ രേഖപ്പെടുത്തിയത്.