ദോഹ: ഡിസംബറിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ടിക്കറ്റ് വിൽപന ആരംഭിച്ചു. 25 ഖത്തർ റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. മുന്ന് വിഭാഗങ്ങളിലായാണ് ഫിഫ അറബ് കപ്പിന്റെ ടിക്കറ്റുകൾ ലഭ്യമാവുക. അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവടങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങൾ അരങ്ങേറുക. ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ വാങ്ങാം.
ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുക. ആതിഥേയരായ ഖത്തറും നിലവിലെ ചാമ്പ്യൻമാരായ അൽജീരിയയും ഉൾപ്പെടെ ഒമ്പത് ടീമുകൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നവംബർ 25, 26 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിലൂടെ ശേഷിക്കുന്ന ഏഴ് ടീമുകളെയും തെരഞ്ഞെടുക്കും. ഡിസംബർ ഒന്നിന് വൈകീട്ട് 7.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തറും, പലസ്തീൻ -ലിബിയ മത്സരത്തിലെ വിജയിയും തമ്മിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മത്സരം.
ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ഏഴു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ഇത് രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് വേദിയാകുന്നത്. ഈ വർഷത്തേതിന് പുറമെ 2029ലും 2033 ലും ഖത്തർ വീണ്ടും അറബ് കപ്പിന് ആതിഥേയത്വം വഹിക്കും. www.roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. കഴിഞ്ഞ ദിവസം ഇരു ടൂർണമെന്റുകളുടെയും സ്പോൺസർമാരെയും പ്രഖ്യാപിച്ചിരുന്നു. ഖത്തർ എയർവേസ്, വിസിറ്റ് ഖത്തർ അടക്കം ഏഴ് പ്രധാനപ്പെട്ട സ്പോൺസർമാരെയാണ് സംഘാടക സമിതി പ്രഖ്യാപിച്ചത്.