ഇന്ന് രാവിലെ വന്‍തോതില്‍ കുതിച്ച സ്വര്‍ണവിലയില്‍ ഉച്ചയ്ക്കുശേഷം ആശ്വാസം. രാവിലെ ഗ്രാമിന് 130 രൂപ വര്‍ധിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വില ഗ്രാമിന് 80 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. പവന്‍ വിലയില്‍ 640 രൂപയുടെ കുറവാണ് വൈകുന്നേരം ഉണ്ടായത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,765 രൂപയാണ്. പവന്‍ വില 86,120 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 8,855 രൂപയായി.
രാവിലെ ഗ്രാം വില 10,845 രൂപയായി ഉയര്‍ന്നിരുന്നു. പവന്‍ വില 1,040 രൂപ കൂടിയപ്പോള്‍ 86,760 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് നേരിയ തോതില്‍ കുറഞ്ഞത്. അന്താരാഷ്ട്ര വില കൂടി നില്ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വില വലിയ തോതില്‍ ഉയര്‍ന്നതോടെ ജുവലറികളില്‍ വില്പന കുറഞ്ഞിട്ടുണ്ട്.
സെപ്തംബര്‍ 1 മുതല്‍ ഇന്ന് വരെ 9,120 രൂപയുടെ വര്‍ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്. ഇതും റെക്കോഡാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സമയത്ത് പോലും വില ഇത്രയധികം വര്‍ധിച്ചിരുന്നില്ല. ചൈന വ്യാപകമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിലയ ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പല രാജ്യങ്ങളും വാങ്ങല്‍ ആരംഭിക്കുകയും ചെയ്തു. പെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് അന്താരാഷ്ട്ര വിലയിലടക്കം വര്‍ധനയുണ്ടായത്. ഈ പ്രവണത കുറച്ചു നാളുകള്‍ കൂടി തുടരുമെന്നാണ് വിവരം.