ദുബൈ: യു.എ.ഇയിൽ ഇന്ധന വില പുതുക്കി. പെട്രോളിനും ഡീസലിന് നേരിയ വില വർധനവുണ്ട്. ആഗസ്റ്റിന് ശേഷം തുടർച്ചയായി രണ്ടാംതവണയാണ് വില കൂടുന്നത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.77 ദിർഹമാണ് വില. സെപ്റ്റംബറിൽ ഇത് 2.70 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 2.66 ദിർഹമിലെത്തി. നേരത്തെയിത് 2.58 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ വില 2.51 ദിർഹമിൽ നിന്ന് 2.58 ദിർഹമായി ഉയർന്നു.
2.71 ദിർഹമാണ് ഡീസൽ വില. കഴിഞ്ഞ മാസം 2.66 ദിർഹമായിരുന്നു. ചൊവ്വാഴ്ച അർധരാത്രി 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽവരും.ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില അനുസരിച്ചാണ് യു.എ.ഇയിലും ഇന്ധന വില നിർണയ സമിതി ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്. പണപ്പെരുത്തെ സ്വാധീനിക്കുന്നതിൽ ഇന്ധന വിലക്ക് നിർണായകമായ പങ്കുണ്ട്. ഇന്ധന വിലസ്ഥിരത ഗതാഗത ചെലവുകളും മറ്റ് സാധനങ്ങളുശട വിലകളും നിയന്ത്രിക്കാൻ സഹായിക്കും.
അതേസമയം, ആഗോള തലത്തിൽ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള 25 രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. ശരാശരി 2.58 ദിർഹമാണ് ഇവിടെ പെട്രോൾ വില. 2015 മുതലാണ് അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കി രാജ്യത്തും ഇന്ധന വില പുതുക്കുന്ന രീതി ആരംഭിച്ചത്.