Thursday, October 9, 2025
No menu items!
spot_img
HomeAcgricultureറബർ പിടിച്ചുവച്ച് വില ഉയർത്താൻ കർഷകർ; ആഭ്യന്തര-അന്താരാഷ്‌ട്ര വിലകളിൽ ഇടിവ് തുടരുന്നു

റബർ പിടിച്ചുവച്ച് വില ഉയർത്താൻ കർഷകർ; ആഭ്യന്തര-അന്താരാഷ്‌ട്ര വിലകളിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് റബര്‍ വിലയില്‍ ഇടിവ് തുടരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വില കൂടുമെന്ന വിലയിരുത്തലുകളെ ആസ്ഥാനമാക്കിയാണ് വില വലിയ തോതില്‍ കുറയുന്നത്. റബര്‍ ബോര്‍ഡ് വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ വില 186 രൂപയാണ്. ആര്‍എസ്എസ്5ന് 182 രൂപയും.

കഴിഞ്ഞ കുറച്ചു നാളുകളായി അന്താരാഷ്ട്ര വില ഉയര്‍ന്നു നില്ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ രാജ്യാന്തര വിലയാണ് ഇപ്പോള്‍ താഴെ നില്‍ക്കുന്നത്. 183 രൂപയാണ് ബാങ്കോക്ക് വില. വരും ദിവസങ്ങളില്‍ രാജ്യാന്തര വില ഇനിയും താഴെ പോകുമെന്നാണ് വിദഗ്ധ പ്രവചനം. റബറിന്റെ ആവശ്യകത കുറഞ്ഞതാണ് വിലയിലും പ്രതിഫലിക്കുന്നത്.

വില ഇടിഞ്ഞതോടെ തോട്ടങ്ങള്‍ പലതും ടാപ്പിംഗ് തുടങ്ങാതെ കിടക്കുകയാണ്. തൊഴിലാളികള്‍ക്ക് നല്കാനുള്ള കൂലി പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണ ഉത്പാദനത്തില്‍ വലിയ തോതില്‍ കുറവുണ്ടാകുമെന്നാണ് റബര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. സ്വന്തമായി ടാപ്പിംഗ് നടത്തുന്നവരുടെ തോട്ടങ്ങളാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. കൂലിക്ക് ടാപ്പിംഗിന് തൊഴിലാളികളെ വച്ചവര്‍ പലരും വില ഉയരുമോയെന്ന് കാത്തിരിക്കുകയാണ്.

റബര്‍ പണിമുടക്ക്

ഈ വര്‍ഷം തുടക്കത്തില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റബര്‍ പിടിച്ചുവയ്ക്കല്‍ സമരം നടത്തിയിരുന്നു. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ ചരക്ക് വില്ക്കാതെ വില ഉയര്‍ത്തുന്ന തന്ത്രമാണ് പയറ്റിയത്. ഈ രീതി പരക്കെ വിജയം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ രാജ്യാന്തര വില താഴ്ന്നു നില്‍ക്കുന്നതിനാല്‍ ഈ പ്രതിഷേധ മാര്‍ഗം വിജയിക്കണമെന്നില്ല.

രാജ്യാന്തര വില താഴ്ന്നു നില്‍ക്കുന്നതിനാല്‍ ഇറക്കുമതി എളുപ്പമാണ്. കുറഞ്ഞ നിരക്കില്‍ ഇറക്കുമതി നടത്തി ആഭ്യന്തര വില ഇടിക്കാനാകും ടയര്‍ കമ്പനികള്‍ ശ്രമിക്കുക. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കൂടിയ അളവിലാണ്. ഇതും സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. ജിഎസ്ടി വില കുറച്ചതിനെ തുടര്‍ന്ന് കാര്‍ വില്പന വര്‍ധിച്ചത് ടയര്‍ വില്പനയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

കോംബൗണ്ട് റബര്‍

പ്രകൃതിദത്ത റബറില്‍ അസംസ്‌കൃത രാസവസ്തു ചേര്‍ത്ത റബര്‍ ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി നടത്തുന്നുണ്ട്. കോംമ്പൗണ്ട് റബര്‍ വരുന്നതിലേറെയും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം സംയുക്ത റബറിന് 5 മുതല്‍ 10 ശതമാനം തീരുവ മാത്രമാണ് ഈടാക്കാന്‍ സാധിക്കുക.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതിദത്ത റബറിന് 25 ശതമാനമോ 30 രൂപയോ ആണ് ഇറക്കുമതി തീരുവ. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുമതി വ്യാപകമാക്കാന്‍ ടയര്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ടയര്‍ കമ്പനികള്‍ നടത്തുന്ന ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments