ബെംഗളൂരു : സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍. വര്‍ഷത്തില്‍ ശമ്പളത്തോടുകൂടിയ 12 ആര്‍ത്തവ അവധികളാണ് വനിതാ ജീവനക്കാര്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാ മാസവും ശമ്പളത്തോടുകൂടിയ ഒരു അവധി ഇനിമുതല്‍ സ്ത്രീകള്‍ക്ക് ലഭിക്കും. മെന്‍സ്ട്രുവല്‍ ലീവ് പോളിസി 2025 പ്രകാരമാണ് ഈ ആനുകൂല്യം നടപ്പാക്കാന്‍ പോകുന്നത്.
ആര്‍ത്തവാവധി നയത്തിന് തൊഴില്‍ വകുപ്പ് ഭരണാനുമതി തേടിയിട്ടുണ്ട്. ഈ നയം സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനം കര്‍ണാടകയായിരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് പറഞ്ഞു. സര്‍ക്കാര്‍ മേഖലയെന്നോ സ്വകാര്യ മേഖലയെന്നോ നോക്കാതെ എല്ലാ വനിതാ ജീവനക്കാര്‍ക്കും ഈ നയം ബാധകമാണെന്ന് സന്തോഷ് കൂട്ടിച്ചേര്‍ത്തു. നയത്തിന് മന്ത്രിസഭ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍ത്തവ സമയത്ത് ഓരോ സ്ത്രീയും കടന്നുപോകുന്ന ശാരീരിക വേദനയെയും മാനസിക ബുദ്ധിമുട്ടിനെയും കുറിച്ച് എനിക്ക് ബോധ്യമുണ്ട്. ഇന്നത്തെ കാലത്ത് എല്ലാ മേഖലയിലും സ്ത്രീകളുണ്ട്. അതിലെ ഓരോരുത്തരെയും ഈ നയം സഹായിക്കും’, അദ്ദേഹം പറഞ്ഞു. നേരത്തെ 2024ല്‍ സര്‍ക്കാര്‍ വര്‍ഷത്തില്‍ ആറ് ആര്‍ത്തവാവധി അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ നയത്തില്‍ എല്ലാ മാസത്തേക്കും അവധി നീട്ടുകയാണ്.
നേരത്തെ ചില സംസ്ഥാനങ്ങള്‍ ചില മേഖലകളില്‍ ആര്‍ത്തവാവധി നല്‍കുന്ന നയങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ഐടിഐയിലെ വനിതകളായ ട്രെയിനികള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരനുന്നു. ബിഹാറിലും ഒഡീഷയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 12 ദിവസത്തെ വാര്‍ഷിക ആര്‍ത്തവാവധി നയം രൂപീകരിച്ചിട്ടുണ്ട്.