കണ്ണൂർ : തളിപ്പറമ്പിൽ വ്യാപാര സമുച്ചതയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പത്തോളം കടകൾ പൂർണമായി കത്തിനശിച്ചു. തളിപ്പറമ്പ് ബസ് സ്റ്രാൻഡിന് സമീപത്തെ കെ.വി കോംപ്ലക്സിലെ കളിപ്പാട്ട വിലിപ്ന ശാലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. ആളപായമുണ്ടായതായി വിവരമില്ല. രണ്ടു കോംപ്ലക്സുകളിലെ അൻപതോളം സ്ഥാപനങ്ങളിൽ തീ പടർന്നതായാണ് വിവരം.
തീപിടിത്തമുണ്ടായ കളിപ്പാട്ട കടയുടെ സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ ഫോൺ കടകളിലേക്കും തീപടർന്നു. കടകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ എട്ടു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. തീ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാനായെന്നും ആദ്യം തീപിടിച്ച കടകളാണ് പൂർണമായും കത്തിയതെന്നും അദ്ദേഹം പറഞ്ഞു.