Thursday, January 15, 2026
No menu items!
spot_img
HomeTechnology‘സഞ്ചാർ സാഥി’യിൽ യൂടേണടിച്ച് കേന്ദ്രം; പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു

‘സഞ്ചാർ സാഥി’യിൽ യൂടേണടിച്ച് കേന്ദ്രം; പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷക്കായി സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിച്ചു. രാജ്യവ്യാപകമായി കടുത്ത എതിർപ്പുയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനം. നേരത്തെ ആപ്പ് ആവശ്യമില്ലാത്തവർക്ക് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാണ് സർക്കാർ നിർദേശമെന്ന വിമർശനം ശക്തമാകുകയും പ്രതിപക്ഷവും പൗരാവകാശ പ്രവർത്തകരും എതിർപ്പ് അറിയിക്കുകയും ചെയ്തതോടെ ആപ്പിളും സാംസങ്ങും ഉൾപ്പെടെ പ്രമുഖ സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് നൽകിയ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

സഞ്ചാര്‍ സാഥിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍, ആറ് ലക്ഷംപേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സഞ്ചാര്‍ സാഥിയുടെ സ്വീകാര്യത വർധിക്കുന്നത് കണക്കിലെടുത്ത്, മൊബൈല്‍ നിര്‍മാതാക്കള്‍ പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചുവെന്നും പ്രസ് ഇൻഷർമേഷൻ ബ്യൂറോ ട്വീറ്റ് ചെയ്തു.

വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐ.എം.ഇ.എ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഉപഭോക്താക്കൾക്ക് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന രീതിയിൽ ഉത്തരവിറങ്ങിയത്. സര്‍ക്കാറിന്റെ തീരുമാനത്തിൽ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികൾ എതിർപ്പ് അറിയിച്ചെന്നാണ് വിവരം. കേന്ദ്ര ടെലികോം മന്ത്രാലയം ഒരാഴ്ച മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് റോയിട്ടേഴ്സ് റിപ്പോർട്ടിനു ശേഷം ഡിസംബർ ഒന്നിനാണ് കേന്ദ്രം പരസ്യപ്പെടുത്തുന്നതെന്നും ഇത് തന്നെ സുതാര്യമില്ലായ്മ വ്യക്തമാണെന്നും ആക്ഷേപം ഉയർന്നു.

എല്ലാ സ്മാർട്ട്‌ഫോണുകളിലും സർക്കാർ പിന്തുണയുള്ള സന്ദേശവിനിമയ ആപ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ റഷ്യ പുറപ്പെടുവിച്ച സമാന ഉത്തരവാണ് ഇന്ത്യയും ഇറക്കിയിട്ടുള്ളതെന്നാണ് പൊതുവിൽ വന്ന വിമർശനം. ഉപയോക്താക്കളുടെ സൈബർ സുരക്ഷ ഉറപ്പു വരുത്താനും സുഗമമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ടെലികോം മന്ത്രാലയം കഴിഞ്ഞ ജനുവരിയിലാണ് സഞ്ചാർ സാഥി ആപ് വികസിപ്പിച്ചത്.

ചാര സോഫ്റ്റ്‌വെയർ ‘പെഗാസസി’ന്റെ രണ്ടാംവരവ് എന്ന വിമർശനം ഉയർന്നതോടെയാണ് ‘സഞ്ചാർ സാഥി’ ആപ് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. ആപ് ഡിലീറ്റ് ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയാത്ത തരത്തില്‍ ‘സഞ്ചാർ സാഥി’ ആപ് പ്രീ-ഇൻസ്‌റ്റാള്‍ ചെയ്യണമെന്ന് മൊബൈൽ കമ്പനികൾക്ക് ഏതാനും ദിവസം മുമ്പ് നിർദേശം നൽകിയത് വാർത്താ ഏജൻസി ‘റോയിട്ടേഴ്സ്’ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ഡിലീറ്റ് ചെയ്യാമെന്ന വാദവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നത്.

ഇതിനകം ഉപയോഗത്തിലുള്ളതോ സ്റ്റോറുകളിൽ വിൽപനക്ക് വെച്ചിട്ടുള്ളതോ ആയ ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളിലൂടെ ആപ് പ്രവർത്തനക്ഷമമാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ആപ് വഴി ചാരവൃത്തിയോ കാൾ നിരീക്ഷണമോ നടക്കുന്നില്ലെന്നും തട്ടിപ്പിൽ നിന്നും മോഷണത്തിൽ നിന്നും സംരക്ഷിക്കാനുള്ള ആപ് എല്ലാവരിലും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു വിവാദം കനത്തതോടെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments