കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ പ്രിയങ്കരമാണ് പല രുചികളിലുള്ള ജാമുകൾ. ബ്രഡിനൊപ്പവും ചപ്പാത്തിക്കൊപ്പവുമെല്ലാം നമ്മൾ ജാം ഉപയോഗിക്കാറുണ്ട്. അതീവ മധുരമുള്ള ജാമുകൾ പ്രമേഹം വർദ്ധിപ്പിക്കും എന്ന ഭയം പലർക്കുമുണ്ട്. എന്നാൽ ഒരുതരി പഞ്ചസാര ചേർക്കാതെ ആരോഗ്യത്തിന് ഒട്ടും ദോഷകരമാകാത്ത ഒരു ബീറ്റ്റൂട്ട് ജാം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?
ചേരുവകൾ
- ബീറ്റ്റൂട്ട്
- ഈന്തപ്പഴം (കുരുകളഞ്ഞത്)
- നെയ്യ്
- ശർക്കര ചീകിയത്
- നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ രണ്ട് ബിറ്റ്റൂട്ട് ചെറുതായി അരിഞ്ഞതിനൊപ്പം ഏകദേശം പതിനഞ്ച് കുരുകളഞ്ഞ ഈന്തപ്പഴവും ചേർത്ത് ഒരു കപ്പ് വെള്ളത്തിൽ വേവിക്കുക. കുക്കറിൽ മൂന്ന് വിസിലുകൾ വന്ന് കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ചൂടാറുമ്പോൾ മിക്സിയിൽ അരച്ചെടുക്കാം. മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയ ശേഷം അതിലേക്ക് അരച്ചുവച്ചിരിക്കുന്ന ബീറ്റ്റൂട്ടിന്റെയും ഈന്തപ്പഴത്തിന്റെയും മിശ്രിതം ചേർക്കാം. ശേഷം ചെറിയ ചൂടിൽ ഈ മിശ്രിതത്തിലെ വെള്ളം വറ്റിച്ച് കുറുക്കിയെടുക്കാം. വെള്ളം വറ്റിവരുമ്പോഴേക്ക് ഇതിലേക്ക് ഒരു കപ്പ് ചീകിയ ശർക്കര ചേർത്ത് ( തരിയില്ലാത്ത ശർക്കരയാണെന്ന് ഉറപ്പ് വരുത്തണം)യോജിപ്പിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് കുറുക്കിയെടുക്കാം. ഈ മിശ്രിതം പാനിൽ നിന്ന് വിട്ടു വരുന്ന പരുവത്തിലായാൽ ജാം തയ്യാറായി കഴിഞ്ഞു. ചൂടാറിയ ശേഷം വായുസഞ്ചാരമില്ലാത്തെ ടിന്നിലേക്ക് ജാം മാറ്റുക. രണ്ട് ദിവസം വരെ ഇത് പുറത്തെ അന്തരീക്ഷത്തിൽ കേടാകാതെയിരിക്കും. പിന്നീടുള്ള ദിവസങ്ങളിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചും ഉപയോഗിക്കാം.



