ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ ഒട്ടുമിക്ക ആളുകളുടേയും വീടുകളില്‍ ഉണ്ടാകും. ചിക്കന്‍ കറിയോ, ഫ്രൈയോ, ബിരിയാണിയോ അങ്ങനെ എന്തുമാകട്ടെ ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ചിക്കന്‍ നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട കാര്യം തന്നെയാണ്. മാംസവും, അത് കൈകാര്യം ചെയ്യുന്ന ഇടവും ശരിയായി വൃത്തിയാക്കണം. മസാലകള്‍ പുരട്ടുമ്പോഴും വേവിക്കുമ്പോഴുമെല്ലാം ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചിക്കന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം…….
* ചിക്കന്‍ മാരിനേറ്റ് ചെയ്യുമ്പോള്‍ – ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് നാരങ്ങാനീര്, ആപ്പിള്‍ സിഡെര്‍ വിനഗര്‍, അല്ലെങ്കില്‍ ബട്ടര്‍ മില്‍ക്ക് മുതലായവയില്‍ മാരിനേറ്റ് ചെയ്ത് വയ്ക്കാറുണ്ട്. ഇവയെല്ലാം ചിക്കനെ മൃദുവാക്കാന്‍ സഹായിക്കുന്നതും അസിഡിറ്റി ഉള്ളതുമായ ഉല്‍പന്നങ്ങളാണ്. അസിഡിറ്റി ഉള്ള മാരിനേറ്റ് ചേരുവകള്‍ മാംസ നാരുകള്‍ വിഘടിപ്പിച്ച് ചിക്കനെ കൂടുതല്‍ മൃദുവാക്കുന്നു. ഇത് മസാലകള്‍ മാംസത്തില്‍ കൂടുതല്‍ ആഴത്തില്‍ തുളച്ചുകയറാന്‍ എളുപ്പമാക്കും. എന്നാല്‍ കൂടുതല്‍ നേരം ഇങ്ങനെ മാരിനേറ്റ് ചെയ്യുന്നത് കൂടുതല്‍ കടുപ്പമുള്ളതാക്കുകയും ചെയ്യും.
* കോഴി നന്നായി വേവിക്കുക – മാംസത്തില്‍ നിന്നും ഉണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ചിക്കന്‍ ഉയര്‍ന്ന ചൂടില്‍ വേവിക്കുക എന്നതാണ്. ബ്രെസ്റ്റ് ഭാഗം കുറഞ്ഞത് 165 ഡിഗ്രി ഫാരന്‍ഹീറ്റിലും, കാല്‍, ചിറകുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ അതിലും കൂടുതല്‍ താപനിലയിലും വേവിക്കുക. ചിക്കന്‍ ഇങ്ങനെ വേവിക്കുന്നത് സൂക്ഷ്മജീവികള്‍ മൂലമുള്ള രോഗ സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
* സുഷിരങ്ങളുള്ള പ്രതലങ്ങള്‍ വേണ്ട – ചിക്കന്‍ മുറിക്കുന്നത് മരം കൊണ്ടുള്ള കട്ടിംഗ് ബോര്‍ഡില്‍ വച്ചാണോ? അങ്ങനെയെങ്കില്‍ അതിന്റെ പ്രതലത്തിലെ ചെറിയ ദ്വാരങ്ങള്‍ മാംസത്തിലെ നീര് ആഗിരണം ചെയ്ത് നിലനിര്‍ത്തും. ഇത് ഒഴിവാക്കാന്‍, അല്പം ബ്ലീച്ച് കലര്‍ത്തിയ ചൂടുവെള്ളം ഉപയോഗിച്ച് ഉപരിതലം വൃത്തിയാക്കുക, ഉപരിതലത്തിലെ വിള്ളലുകളില്‍ ഒരു സ്റ്റീല്‍ സ്‌ക്രബ്ബര്‍ ഉപയോഗിച്ച് ഉരച്ച് കഴുകണം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കട്ടിംഗ് ബോര്‍ഡ് പെട്ടെന്നു തന്നെ നശിച്ചുപോകാന്‍ കാരണമാകും.
* ഒരു പ്രത്യേക കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുക – മാംസം കൈകാര്യം ചെയ്യാന്‍, പ്ലാസ്റ്റിക്, സ്റ്റീല്‍ മുതലായവയില്‍ നിര്‍മ്മിച്ച പ്രത്യേക കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുക. മറ്റ് കാര്യങ്ങള്‍ക്ക് ഈ ബോര്‍ഡ് ഉപയോഗിക്കരുത്. സാല്‍മൊണെല്ല പോലുള്ള രോഗകാരികള്‍ കട്ടിംഗ് ബോര്‍ഡില്‍ നിന്ന് മറ്റു ഭക്ഷണസാധനങ്ങളിലേക്ക് കടന്നുകൂടാതിരിക്കാന്‍ ഇത് സഹായിക്കും.
* ശരിയായി വൃത്തിയാക്കുക – കോഴിയിറച്ചി കഴുകാനും സൂക്ഷിക്കാനും മറ്റും ഉപയോഗിച്ച പാത്രങ്ങളും ബോര്‍ഡും കരണ്ടിയുമെല്ലാം വൃത്തിയാക്കാന്‍ ചൂടുവെള്ളവും സോപ്പും ഉപയോഗിക്കുക. കട്ടിംഗ് ബോര്‍ഡുകള്‍, കത്തികള്‍ മുതലായവയില്‍ തങ്ങിക്കിടക്കുന്ന ബാക്ടീരിയകളെയും മറ്റു രോഗകാരികളായ സൂക്ഷ്മജീവികളെയും ഇത് കൊല്ലുന്നു.
* അടുക്കള മുഴുവന്‍ തുടയ്ക്കുക – ചിക്കന്‍ അടുപ്പില്‍ വെച്ച ശേഷം അടുക്കള ഉപകരണങ്ങള്‍ ശരിയായി വൃത്തിയാക്കിക്കഴിഞ്ഞാല്‍, ഒരു സാനിറ്റൈസിംഗ് വൈപ്പ് ഉപയോഗിച്ച് മുഴുവന്‍ അടുക്കളയും തുടയ്ക്കുക. കൗണ്ടര്‍ടോപ്പുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, നോബുകള്‍, അടുക്കള ടാപ്പ്, മറ്റ് ഉപരിതലങ്ങള്‍ എന്നിവ ശരിക്ക് തുടയ്ക്കണം.
* കൈകള്‍ ഇടയ്ക്കിടെ കഴുകുക – വേവിക്കാത്ത കോഴി മാംസം തൊട്ടതിനുശേഷം, മറ്റെന്തെങ്കിലും തൊടുന്നതിനുമുമ്പ് ഉടന്‍ തന്നെ കൈകള്‍ നന്നായി കഴുകുക. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക.



