വിജയ് ദേവരകൊണ്ടയുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി രശ്മിക മന്ദാന.തന്റെ ഭർത്താവായ വിജയ് ദേവരകൊണ്ടയെ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് രശ്മിക ചിത്രങ്ങൾ പങ്കുവെച്ചത്. യഥാർഥ സ്‌നേഹവും സമാധാനവും എന്താണെന്ന് തനിക്ക് മനസിലാക്കി തന്നതും ഇന്നത്തെ ഈ സ്ത്രീയായി തന്നെ മാറ്റിയതും വിജയ് ദേവരകൊണ്ടയാണെന്ന് രശ്മിക കുറിച്ചു.
‘‘പ്രിയ സ്നേഹിതരേ, നിങ്ങളെ പരിചയപ്പെടുത്തുന്നു, ഇതാ എന്റെ ഭർത്താവ്, മിസ്റ്റർ വിജയ് ദേവരകൊണ്ട. എനിക്ക് യഥാർഥ സ്‌നേഹമെന്തെന്ന് പഠിപ്പിച്ചയാൾ, സമാധാനം എന്തെന്ന് കാണിച്ചുതന്നയാൾ..വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്നും, ചിന്തിക്കുന്നതിലും വളരെ വലുത് നേടാൻ കഴിവുണ്ടെന്നും എന്നും എന്നോട് പറഞ്ഞയാൾ..
ഹൃദയം തുറന്ന് നൃത്തം ചെയ്യാൻ ഒരിക്കലും തടസ്സം നിന്നില്ലാത്തയാൾ, സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാൾ, , വിശ്വസിക്കൂ, ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാനാകും!
ഞാനെന്നും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു, കാരണം ഇന്നത്തെ ഈ സ്ത്രീയായി എന്നെ മാറ്റിയത് നിങ്ങളാണ്! ഞാൻ ശരിക്കും അനുഗ്രഹീതയായിരിക്കുന്നു!
വിജ്ജു, നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല. ഞാൻ അത് നിന്നോട് എപ്പോഴും പറയാറുണ്ട്. പക്ഷേ നിനക്കറിയാമോ, പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങൾക്കും, വിഷമങ്ങൾക്കും, സന്തോഷത്തിനും, സങ്കടത്തിനും, ജീവിതത്തിനുമെല്ലാം ഇപ്പോൾ ഒരു അർഥം കൈവന്നിരിക്കുന്നു – അതിനുകാരണം എന്റെ കൂടെ നീ ഉണ്ട് എന്നതാണ് – എല്ലാത്തിനും സാക്ഷിയായി… എല്ലാത്തിന്റെയും ഏറ്റവും വലിയ ഭാഗമായി! നിന്റെ ഭാര്യയാകുന്നതിലും നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാൻ വളരേയധികം ആവേശത്തിലാണ്!
ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം നയിക്കാം! ഞാൻ നിന്നെ സ്‌നേഹിക്കുന്നു.’’-രശ്മിക കുറിച്ചത് ഇങ്ങനെയാണ്.
രാജസ്ഥാനിലെ ഉദയ്പുരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം
മനോഹരമായ കുറിപ്പോടെയാണ് വിജയ്‌യും ചിത്രങ്ങള്‍ പങ്കുവച്ചത്.‘‘അവളില്ലാത്ത ഒരു ദിവസം അപൂർണ്ണമാണെന്ന് എനിക്ക് തോന്നി… ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു… എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി.’’– വിജയ് കുറിച്ചു.



