ഭാരം കുറയ്ക്കുക, അമിത വണ്ണം കുറയ്ക്കുക എന്നൊക്കെ പറയുമ്പോള്‍ അത് ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, പല ആരോഗ്യ പ്രശ്നങ്ങള്‍ അകറ്റാനും കൂടിയാണ്. അമിതവണ്ണം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ അമിതഭാരവും വണ്ണവും കുറച്ച് ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമത്തിലേര്‍പ്പെടുകയോ ആഹാരക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്യാം. ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ, ഉദാഹരണമായി വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇതിനു പകരം ആരോഗ്യവും സുസ്ഥിരവുമായ ശീലങ്ങളിലൂടെ ശരീരത്തിലെ മുഴുവന്‍ കൊഴുപ്പും കുറയ്ക്കുന്നത് ദീര്‍ഘകാലത്തേക്ക് ഫലങ്ങള്‍ നല്‍കും. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ അറിയാം….
* വെള്ളം കുടിക്കാം – ദഹനത്തിലും ഉപാപചയപ്രവര്‍ത്തനത്തിലും വിശപ്പ് നിയന്ത്രിക്കുന്നതിലും വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അനാവശ്യമായി ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതിനെ തടയുകയും ഉപാപചയപ്രവര്‍ത്തനം നന്നായി നടക്കുകയും ചെയ്യും.
* കാര്‍ഡിയോ വര്‍ക്കൗട്ട് – കാലറി ബേണ്‍ ചെയ്യാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉള്ള മികച്ച മാര്‍ഗമാണ് കാര്‍ഡിയോ. 30 മുതല്‍ 60 മിനിറ്റ് വരെ മിതമായതു മുതല്‍ കഠിനമായതുവരെയുള്ള കാര്‍ഡിയോ വ്യായാമം ചെയ്യാം. ബ്രിസ്‌ക്ക് വോക്കിങ്ങ് അഥവാ ചടുല നടത്തം, ഓട്ടം, സൈക്ലിങ്ങ്, നീന്തല്‍ തുടങ്ങിയവയെല്ലാം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും ചെയ്യാം.
* കാലറി ശ്രദ്ധിക്കാം – നാം ഉപയോഗിക്കുന്നതിലുമധികം കാലറി ബേണ്‍ ചെയ്യേണ്ടത് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമാണ്. പട്ടിണി കിടക്കണം എന്നല്ല ഇതിനര്‍ഥം ഭക്ഷണം തെരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. ഒപ്പം ശാരീരക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും വേണം. ശരീരത്തിന് ശരിയായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
* നിയന്ത്രിക്കാം മദ്യപാനം – മദ്യത്തില്‍ കാലറി ഒട്ടുമില്ല. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ സാവധാനത്തിലാക്കും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്.
* ഉറക്കം – ഉറക്കക്കുറവ് ശരീരഭാരം കൂടാനും വിശപ്പ് ഹോര്‍മോണുകള്‍ കൂടാനും കാരണമാകും. ദിവസവും രാത്രി 7 മുതല്‍ 9 മണിക്കൂര്‍ വരെ നന്നായി ഉറങ്ങുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം ആരോഗ്യവും സൗഖ്യവും ഏകും.
* പോഷകങ്ങളടങ്ങിയ ഭക്ഷണം – സംസ്‌കരിച്ച അഥവാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, പ്രിസര്‍വേറ്റീവുകള്‍ ഇവ ധാരാളം ഉണ്ടായിരിക്കും. ഇത്തരം ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കില്ല. പകരം പോഷകങ്ങള്‍ ധാരാളമടങ്ങിയ മുഴുഭക്ഷണം, പ്രോട്ടീന്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
* സമ്മര്‍ദം നിയന്ത്രിക്കാം – സമ്മര്‍ദം കൂടുന്നത് കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂട്ടും. ഇത് കൊഴുപ്പിന്റെ ശേഖരണവുമായി, പ്രത്യേകിച്ച് വയറിനു ചുറ്റുമുള്ള കൊഴുപ്പ് ബന്ധപ്പെട്ടിരിക്കുന്നു. ധ്യാനം, യോഗ, ശ്വസനവ്യായാമങ്ങള്‍ ഇവ പരിശീലിക്കുന്നത് ഹോര്‍മോണുകളെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
* പ്രോട്ടീന്‍ കഴിക്കാം – വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ശരീരഭാരം കുറയ്ക്കുമ്പോള്‍ മസില്‍ മാസ് നിലനിര്‍ത്താനും പ്രോട്ടീന്‍ പ്രധാന പങ്കു വഹിക്കുന്നു. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കാനും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വര്‍ക്കൗട്ടിനുശേഷം പേശികളുടെ കേടുപാടുകള്‍ തീര്‍ക്കാനും സഹായിക്കും. മുട്ട, കോഴിയിറച്ചി, ടോഫു, പയര്‍വര്‍ഗങ്ങള്‍ ഇവ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്.



