ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വ്വകാല റെക്കോർഡെന്ന് റിപ്പോര്‍ട്ട്. 2025ലെ ആദ്യ ആറു മാസങ്ങളില്‍ മുൻപ് നടക്കാത്തവിധം ഐഫോണുകളാണത്രെ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്. ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നതിന്റെ ഭാഗമായി നടത്തിയ നീക്കങ്ങളുടെ ഫലമാണ് ഇത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഐഫോണ്‍ പ്രൊഡക്ഷന്‍ 53 ശതമാനം വര്‍ദ്ധിച്ചു.
22.56 ബില്ല്യന്‍ ഡോളറിനുള്ള കയറ്റുമതി
ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ ഏകദേശം 23.9 ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നത് എന്നാണ് ഗവേഷണ കമ്പനിയായ കനാലിസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ മൂല്യം 22.56 ബില്ല്യന്‍ ഡോളര്‍ വരുമത്രെ. ഇന്ത്യയില്‍ ഐഫോണ്‍ കൂട്ടിയോജിപ്പിക്കല്‍ ആദ്യം ആരംഭിക്കുന്നത് 2017ല്‍ ആണ്. ആ കാലത്തൊന്നും ഇന്ത്യ ഐഫോണ്‍ നിര്‍മ്മാണ മേഖലയില്‍ ചൈനയ്ക്ക് ശക്തിയുളള എതിരാളിയായി തീരുമെന്ന് കരുതാനേ സാധ്യമായിരുന്നില്ല.
ട്രംപ് ഫാക്ടര്‍
പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അമേരിക്കയില്‍ ചുമതലയേല്‍ക്കുകയും ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്ന ഇറക്കുമതിക്ക് അധിക ചുങ്കം ചുമത്താന്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ഐഫോണ്‍ നിര്‍മ്മിച്ചെടുക്കാന്‍ ആരംഭിച്ചത്. ട്രംപ് ചുമത്തിയ 10 ശതമാനം അധികചുങ്കം നിലിവില്‍ വരുന്നതിനു മുമ്പ് ആപ്പിള്‍ 2025 മാര്‍ച്ച് അവസാന വാരം മൂന്നു ദിവസത്തിനുള്ളില്‍ അമേരിക്കയിലേക്ക് ‘കടത്തിയത്’ അഞ്ച് ഫ്‌ളൈറ്റ് ഐഫോണുകളാണ്.
ഏപ്രില്‍ 5ന് ആയിരുന്നു പകരച്ചുങ്കം നിലവില്‍ വന്നത്. അതേസമയം, ഐഫോണ്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ചെടുത്തോളണം അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു കൊണ്ടുവരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്കും അധിക ചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഇത് ആപ്പിള്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്.
ഫോക്‌സ്‌കോണ്‍, ടാറ്റാ ഇലക്ട്രോണിക്‌സ് എന്നീ കരാര്‍ കമ്പനികളാണ് ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിച്ചെടുക്കുന്നത്. നേരത്തെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്ന വിസ്ട്രണ്‍ പെഗാട്രൊണ്‍ എന്നീ രണ്ട് കമ്പനികളുടെ നിര്‍മ്മാണ പ്ലാന്റുകളാണ് ടാറ്റ ഏറ്റെടുത്തത്. ഇപ്പോഴും ഫോക്‌സ്‌കോണ്‍ തന്നെയാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്നത്. എന്നാല്‍, ടാറ്റയും ഇക്കാര്യത്തില്‍ ഉശിരു തെളിയിച്ചു തുടങ്ങിയെന്നും, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ നാലില്‍ ഒന്ന് ഇപ്പോള്‍ ടാറ്റയുടെ പ്ലാന്റുകളില്‍ നിന്നുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വര്‍ഷം വമ്പന്‍ മാറ്റം
ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നു കരുതുന്ന ഐഫോണ്‍ 17 സീരിസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പറയുന്നത്. ഇത് ചൈനയിലും ഇന്ത്യയിലും ഒരേ ദിവസം തന്നെ നടന്നേക്കുമെന്നത് പുതിയൊരു തുടക്കമാണ്. നേരത്തെ, ചൈനയില്‍ നിര്‍മ്മാണം തുടങ്ങിയ ശേഷം പിന്നീടായിരുന്നു ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നത്.
പുതിയ പദ്ധതി
അമേരിക്കയിലേക്കു വേണ്ട ഐഫോണുകളില്‍ പരമാവധി ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് പറയുന്നത്. ഏകദേശം 72 ദശലക്ഷം ഐഫോണുകളാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റ് ആയ അമേരിക്കയില്‍ ഒരു വര്‍ഷം വില്‍പ്പനയ്ക്ക് എത്തിക്കേണ്ടത്. ഇതിലേറെയും ഈ വര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കാന്‍ ആപ്പിള്‍ ശ്രമിച്ചേക്കുമെന്നാണ് സൂചന.
ഫോള്‍ഡിങ് ഐഫോണ്‍ 1800 ഡോളറിന്?
ഐഫോണിന്റെ അടുത്ത അപ്ഡേറ്റ് ഫോള്‍ഡബിള്‍ ഫോണ്‍ ആയി ആയിരിക്കുമെന്നാണ് കരുതുന്നത്. ഇത്തരം ഒരു ഫോണ്‍ നിര്‍മ്മിക്കുന്ന കാര്യം വളരെ കാലമായി ആപ്പിള്‍ പരിഗണിച്ചു വരുന്നതുമാണ് എന്നാല്‍, തങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഡിസ്‌പ്ലെ ടെക്‌നോളജി ഇതുവരെ വളര്‍ന്നിട്ടില്ല എന്ന കാരണത്താലാണ് അത് നിര്‍മ്മിക്കാന്‍ കമ്പനി ഇതുവരെ ശ്രമിക്കാതിരുന്നതെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. എന്നാലിപ്പോള്‍ പുതിയ റൂമറുകള്‍ ശരിയാണെങ്കില്‍ അടുത്ത വര്‍ഷം മടക്കാവുന്ന ഫോണ്‍ ആപ്പിള്‍ പുറത്തെടുത്തേക്കും.
അതിന്റെ വില 1800-2000 ഡോളര്‍ റേഞ്ചില്‍ ആയിരിക്കുമെന്നും പറയപ്പെടുന്നു. ഇത് പരിമിത എണ്ണം മാത്രമെ പുറത്തിറക്കിയേക്കാന്‍ വഴിയുള്ളു എന്നും പറയപ്പെടുന്നു. ഏകദേശം 10-15 ദശലക്ഷം യൂണിറ്റ് എന്നാണ് സ്വിസ് മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ യുബിഎസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യം പറയാന്‍ യുബിഎസിന് എന്താണ് അവകാശം എന്നു ചോദിച്ചാല്‍ അത്തരം ഒരു ഫോണിന്റെ വിപണന സാധ്യതയെക്കുറിച്ചും മറ്റും അവര്‍ പഠനം നടത്തിയിരുന്നു എന്നാണ് ഉത്തരം.