എല്ലാ അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് പച്ചമുളക്. മിക്കവാറും വിഭവങ്ങൾ തയ്യാറാക്കാനും പച്ചമുളക് ഉപയോഗിക്കാറുള്ളതിനാൽ ഇതൊരിക്കലും ഒഴിവാക്കാനും സാധിക്കില്ല. എന്നാൽ പെട്ടെന്ന് അഴുകിപ്പോകുന്നതിനാൽ പച്ചമുളക് അധികമായി വാങ്ങിസൂക്ഷിക്കാൻ സാധിക്കില്ലെന്നാണ് മിക്കവരും പരാതിപ്പെടുന്നത്. പച്ചമുളക് പെട്ടെന്ന് അഴുകിപോകാതിരിക്കാനും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനും മികച്ച ചില മാർഗങ്ങളുണ്ട്.
- തണ്ടുകളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് പച്ചമുളക് വേഗത്തിൽ കേടാകുന്നതിന് പ്രധാന കാരണം. ഈ തണ്ട് ഭാഗം അടർത്തി മാറ്റി സൂക്ഷിക്കുന്നത് ഈർപ്പം അകത്തേയ്ക്ക് കടക്കുന്നത് തടയും. തണ്ട് എടുത്തുമാറ്റി മുളക് നന്നായി കഴുകി ഈർപ്പം മാറ്റിയതിനുശേഷം സൂക്ഷിക്കാം.
- തണ്ട് മാറ്റിയതിനുശേഷം ടിഷ്യു പേപ്പറോ പേപ്പർ ടവ്വലോ വിരിച്ച് വായുകടക്കാത്ത പാത്രത്തിൽ അടച്ചുസൂക്ഷിക്കാം.
- പേപ്പർ ടവ്വലിൽ പൊതിഞ്ഞതിനുശേഷം വായുകടക്കാത്ത പാത്രത്തിലടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ പച്ചമുളക് രണ്ടാഴ്‌ചയിലധികം ഫ്രഷായിരിക്കും.
- ഒരു ഗ്ളാസിൽ കുറച്ച് വെള്ളമെടുത്ത് തണ്ട് മാത്രം മുങ്ങിനിൽക്കുന്ന രീതിയിൽ പച്ചമുളക് സൂക്ഷിച്ചാൽ പെട്ടെന്ന് വാടിപ്പോകുന്നത് തടയാം.
- പച്ചമുളക് അരിഞ്ഞ് ഫ്രീസറിൽ സൂക്ഷിക്കുന്നതും നല്ലതാണ്. മാസങ്ങളോളം പച്ചമുളക് കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്യാം.