മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്. പഞ്ഞിപോലെ മൃദുലമായ അപ്പം വെജ്, നോൺവെജ് കറികളോടൊപ്പം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന വിഭവമല്ല അപ്പം. തലേന്ന് എട്ടുമണിക്കൂറോളം അരി കുതിർക്കാൻ വച്ച്, അരച്ചെടുത്തതിനുശേഷം മാത്രമേ പിറ്റേന്ന് അപ്പം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ അപ്പം തയ്യാറാക്കാൻ അരി പോലും വേണ്ട. വളരെയെളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം. അല്പം റവയും തൈരും ഉണ്ടെങ്കിലും നല്ല മൃദുലമായ, സ്വാദേറിയ അപ്പം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- റവ- ഒരു കപ്പ്
- വെള്ളം- ഒരു കപ്പ്
- തൈര്- രണ്ട് ടേബിൾസ്‌പൂൺ
- ചുവന്നുള്ളി- നാല്
- ഇഞ്ചി- ഒരു ചെറിയ കഷ്ണം
- തക്കാളി- ഒന്ന്
- ഉപ്പ്- ആവശ്യത്തിന്
- ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് പത്തുമിനിട്ട് മാറ്റിവയ്ക്കണം. കുതിർന്നുകഴിയുമ്പോൾ തൈര്, ചുവന്നുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, തക്കാളി കഷ്ണങ്ങളാക്കിയത് എന്നിവ ചേർക്കണം. ഇതിൽ മൂന്ന് ടേബിൾസ്‌പൂൺ വെള്ളമൊഴിച്ച് അരച്ചെടുക്കണം. ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയതിനുശേഷം ആവശ്യത്തിന് ഉപ്പും സോഡാപ്പൊടിയും ചേർക്കാം. അഞ്ചുമിനിട്ടിനുശേഷം അപ്പം ചുട്ടെടുക്കാം.