ദോഹ/കെയ്‌റോ: ഗാസ യുദ്ധം അവസാനിപ്പിക്കുന്നതുള്‍പ്പെടെ, മധ്യേഷ്യയില്‍ ശാശ്വതസമാധാനത്തിനായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതി ഹമാസ് തള്ളിയതായി സൂചന. പദ്ധതി അംഗീകരിക്കാന്‍ നാലു ദിവസംവരെയാണു ട്രംപ് അനുവദിച്ചിരുന്നത്. ആ സമയപരിധി ഇന്ന് അവസാനിക്കും. പദ്ധതി ഇസ്രയേല്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെയെല്ലാം വിട്ടയയ്‌ക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
ഖത്തറിലുള്ള ഹമാസിന്റെ രാഷ്‌ട്രീയ നേതൃത്വത്തിലെ ചിലര്‍ ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, ഗാസയിലെ ഹമാസ് സൈനിക വിഭാഗം മേധാവി ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദ് ട്രംപിന്റെ പദ്ധതി തള്ളിയെന്നു ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്‌തു. ഇനി ഗാസ നഗരത്തില്‍ തുടരുന്നവരെ ഭീകരരായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
ഗാസയ്‌ക്കായി പലസ്‌തീന്‍ പ്രതിനിധികളും ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയറും ‘ഉന്നതയോഗ്യതയുള്ള’ വിദഗ്‌ധരും ഉള്‍പ്പെടുന്ന സമിതിയെയാണു ട്രംപ് നിര്‍ദേശിച്ചത്. സമിതിയില്‍ ഹമാസിന് പങ്കുണ്ടാകില്ല. പകരം, ആയുധംവച്ച് കീഴടങ്ങുന്ന ഹമാസ് പ്രവര്‍ത്തകര്‍ക്കു പൊതുമാപ്പ് നല്‍കാമെന്നായിരുന്നു വാഗ്‌ദാനം.
ട്രംപിന്റെ പദ്ധതി ഹമാസിനെ ഇല്ലാതാക്കാന്‍ രൂപകല്‍പ്പന ചെയ്‌തതാണെന്നാണ് ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദിന്റെ നിലപാട്. മരണംവരെ പോരാടാനാണു സൈനിക വിഭാഗത്തിന്റെ തീരുമാനം.
ഖത്തറിലുള്ള ഹമാസിന്റെ രാഷ്‌ട്രീയ നേതൃത്വത്തിലെ ചിലര്‍ മാറ്റങ്ങളോടെ പദ്ധതി അംഗീകരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. പക്ഷേ, ബന്ദികളുടെ നിയന്ത്രണം സൈനിക വിഭാഗത്തിനായതിനാല്‍ രാഷ്‌ട്രീയ നേതൃത്വം നിസഹായരാണ്. ഹമാസിന്റെ പക്കല്‍ ഇപ്പോഴും 48 ബന്ദികളുണ്ടെന്നാണ് പാശ്‌ചാത്യ രാജ്യങ്ങളുടെ കണക്ക്. അവരില്‍ 20 പേര്‍ മാത്രമേ ജീവനോടെയുള്ളൂ എന്നാണു സൂചന.
വെടിനിര്‍ത്തല്‍ ആരംഭിച്ചാല്‍ ആദ്യ 72 മണിക്കൂറിനുള്ളില്‍ എല്ലാ ബന്ദികളെയും കൈമാറണമെന്ന നിര്‍ദേശമാണു ഹമാസിന്റെ മുന്നിലുള്ള അടുത്ത വെല്ലുവിളി.
ആ നിബന്ധന അംഗീകരിച്ചാല്‍ വിലപേശല്‍ ശക്‌തി നഷ്‌ടപ്പെടുമെന്നു സൈനിക വിഭാഗം കരുതുന്നു. ബന്ദികളെ ലഭിച്ചുകഴിഞ്ഞാലും ഇസ്രായേല്‍ സൈനിക നടപടി തുടരുമെന്നും അവര്‍ കരുതുന്നു. കഴിഞ്ഞ മാസം ദോഹയില്‍വച്ച് ഹമാസ് നേതാക്കളെ വധിക്കാന്‍ ശ്രമിച്ച ഇസ്രയേലിന്റെ നടപടി ഉദാഹരണമായി അവര്‍ കാണുന്നു. യു.എസ്, അറബ് രാജ്യങ്ങള്‍ എന്നി നേതൃത്വം നല്‍കുന്ന ‘താല്‌ക്കാലിക രാജ്യാന്തര സുരക്ഷാ സേനയെ’ ഗാസയിലേക്ക് വിന്യസിക്കുന്നതിനെയും ഹമാസ് എതിര്‍ക്കുന്നു.
അതിനെ അവര്‍ പുതിയ അധിനിവേശമായി കണക്കാക്കുന്നു. ട്രംപ് ഭരണകൂടം പങ്കുവച്ച ഗാസയില്‍നിന്നുള്ള ഘട്ടംഘട്ടമായുള്ള ഇസ്രയേലി സൈനിക പിന്‍വാങ്ങല്‍ സംബന്ധിച്ച മാപ്പില്‍, ഗാസയുടെ ഈജിപ്‌ത്, ഇസ്രായേല്‍ അതിര്‍ത്തികളോട് ചേര്‍ന്നുള്ള ബഫര്‍ സോണ്‍ ഉള്‍പ്പെടുന്നു. അത് എങ്ങനെ നടപ്പാക്കുമെന്നത് വ്യക്‌തമല്ല. ട്രംപ് പദ്ധതി പ്രഖ്യാപിച്ചശേഷം 20 ഇന പദ്ധതിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മാറ്റംവരുത്തിയതായും ഹമാസ് ആരോപിക്കുന്നു. ‘പലസ്‌തീന്‍ രാഷ്‌ട്രത്തെ ‘ശക്‌തിയായി പ്രതിരോധിക്കുമെന്ന’ ഇസ്രായേല്‍ പറഞ്ഞതാണു സംശയങ്ങള്‍ക്കു കാരണമായത്.
സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രം സ്‌ഥാപിക്കുന്നതുവരെ സായുധ പോരാട്ടം തുടരുമെന്നാണു ഹമാസിന്റെ വാദം.
അതേ സമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി. ഇന്നലെ 53 പേരാണു കൊല്ലപ്പെട്ടത്. ഗാസ നഗരത്തില്‍ അവശേഷിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രതിരോധന സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.