ഉന്നത പഠനത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയെ അക്രമികൾ വെടിവെച്ചു കൊന്നു. ഹൈദരാബാദിൽ നിന്നുള്ള ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ചന്ദ്രശേഖർ പോൾ ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചന്ദ്രശേഖർ ഡെന്റൽ സർജറിയിൽ ബിരുദം (ബിഡിഎസ്) പൂർത്തിയാക്കിയ ശേഷം കൂടുതൽ പഠനത്തിനായാണ് ഡാലസിലേക്ക് പോയതെന്ന് തെലങ്കാന മുൻ മന്ത്രിയും ബിആർഎസ് എംഎൽഎയുമായ ടി ഹരീഷ് റാവു പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം അറിയിക്കാൻ താനും മറ്റ് പാർട്ടി നേതാക്കളും ഹൈദരാബാദിലെ വീട് സന്ദർശിച്ചതായും ബിആർഎസ് മേധാവി കെ ചന്ദ്രശേഖർ റാവുവിന്റെ അനന്തരവൻ ഹരീഷ് റാവു അറിയിച്ചു.
“ബിഡിഎസ് പൂർത്തിയാക്കി അമേരിക്കയിലേക്ക് (ഡാലസ്) ഉന്നത പഠനത്തിനായി പോയ എൽബി നഗറിൽ നിന്നുള്ള ചന്ദ്രശേഖർ പോൾ എന്ന ദളിത് വിദ്യാർത്ഥി അതിരാവിലെ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവം ദാരുണമാണ്,” ഹരീഷ് റാവു എക്‌സിൽ എഴുതി.
ഇയാളുടെ മൃതദേഹം അന്ത്യകർമങ്ങൾക്കായി തിരികെ കൊണ്ടുവരണമെന്ന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.