ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, ജി.സി.സിയിലെ ആറ് രാജ്യങ്ങളിലെ യാത്രകൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. യൂറോപ്പിലെ ഷെങ്കൺ മാതൃകയിൽ ജി.സി.സി രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന് സഹായകമാകുന്ന ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിൽ പുറത്തിറങ്ങുന്ന വിസയിലൂടെ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ സന്ദർശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
2023ൽ ഒമാനിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 40ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച് അംഗീകാരം നൽകിയിരുന്നത്. ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരു വിസയിൽ മറ്റു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാമെന്നതുപോലെ, വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഒരു വിസയിൽ തന്നെ ആറ് രാജ്യങ്ങളിലേക്കും സന്ദർശനത്തിന് വഴിയൊരുങ്ങും. മേഖലയുടെ ടൂറിസത്തിന് കുതിപ്പേകുന്നതായിരിക്കും ഏകീകൃത ടൂറിസ്റ്റ് വിസയെന്ന് ട്രാവൽ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
ഒറ്റ വിസയിൽ ആളുകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനത്തിലൂടെ രാജ്യങ്ങൾക്കിടയിലുള്ള യാത്രകൾ സുഗമമാക്കുകയും പ്രാദേശിക വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ചെയ്യും. നിലവിൽ, ജി.സി.സിയിലെ പൗരന്മാർക്ക് വിസയില്ലാതെ തന്നെ ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. അതേസമയം, ജോലി തേടിയെത്തിയ പ്രവാസികൾക്ക് തങ്ങളുടെ രാജ്യം കടന്ന് മറ്റു ഗൾഫ് രാജ്യങ്ങളിലെത്താൻ വിസ ആവശ്യമാണ്. ഏകീകൃത ടൂറിസം വിസ പ്രാബല്യത്തിൽ വരുന്നതോടെ തടസ്സങ്ങളില്ലാതെ ഏത് രാജ്യത്തേക്കും സൗകര്യപ്പെടുന്ന സമയങ്ങളിൽ യാത്രക്കുള്ള വഴികളാണ് തുറക്കുന്നത്. പ്രധാനമായും മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിന് പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം.
ഈ വർഷം നാലാം പാദത്തിൽ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസയുടെ പൈലറ്റ് ഘട്ടം ആരംഭിക്കുമെന്ന് യു.എ.ഇ സാമ്പത്തിക -ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. പിന്നീട് പൂർണമായി നടപ്പാക്കുന്നതിന് വഴിയൊരുക്കും. ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ പ്രാദേശിക ഏകീകരണത്തിനുള്ള പ്രധാന ചുവടുവെപ്പാണെന്നും ലോകോത്തര ടൂറിസം കേന്ദ്രമെന്ന നിലയിൽ ഗൾഫ് രാജ്യങ്ങളുടെ പ്രസക്തി വർധിപ്പിക്കുമെന്നും അൽ മർറി അഭിപ്രായപ്പെട്ടു.