സൗബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് പറവ. പറവ പോലെ ഉയർന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമാണ് കഥാപശ്ചാത്തലം. പ്രാവ് പറത്തൽ വിനോദവും മത്സരവുമാക്കിയ മട്ടാഞ്ചേരിക്കാരുടെ ജീവിതമാണ് ഈ സിനിമ പറഞ്ഞത്. സിനിമയിൽ ദുൽഖർ സൽമാനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫിസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
പറവക്കുശേഷം ഓതിരകടകം എന്ന അടുത്ത ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനു മുൻപുതന്നെ മറ്റൊരു ചിത്രം വരുന്നുണ്ടെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദുൽഖറിനൊപ്പമാണ് അടുത്ത സിനിമ ഒരുക്കുന്നതെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സൗബിൻ പറഞ്ഞു. സിനിമയെ കുറിച്ചോ, സിനിമ പശ്ചാത്തലത്തെകുറിച്ചോ കൂടുതലായൊന്നും താരം വെളിപ്പെടുത്തിയിട്ടില്ല.
‘അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് ദുൽഖർ ചിത്രമാണ്. രണ്ട് സിനിമകൾ അഭിനയിക്കാൻ ഉണ്ട്. അത് കഴിഞ്ഞ് സംവിധാനത്തിലേക്ക് കടക്കും. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല മാറ്റം വന്നിട്ടുണ്ട്. അതേ ടീം തന്നെ പക്ഷെ സ്ക്രിപ്റ്റ് വ്യത്യാസം ഉണ്ട്’ -സൗബിൻ വ്യക്തമാക്കി.
മലയാളത്തിൽ ഐ ആം ഗെയിം ആണ് ഇനി പുറത്തിറങ്ങാനുള്ള ദുൽഖർ സൽമാൻ ചിത്രം. ഒരു വലിയ ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിം വലിയ പ്രേക്ഷക പ്രതീക്ഷ നേടിയിട്ടുണ്ട്. ആർ.ഡി.എക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിൽ തമിഴ് സംവിധായകൻ മിഷ്‌കിനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. കബാലി, കെ.ജി.എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ് മാസ്റ്റേഴ്‌സ് ‘ആർ.ഡി.എക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.