Saturday, April 18, 2026
No menu items!
spot_img
HomeNewsIndiaകേന്ദ്രത്തിന് തിരിച്ചടി: മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല; വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

കേന്ദ്രത്തിന് തിരിച്ചടി: മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല; വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു

ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 211 പേർ ബില്ലിനെ എതിർത്തു. ആകെ 489 പേരാണ് വോട്ട് ചെയ്തത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളപ്പെട്ടത്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ആദ്യമായാണ് ലോക്സഭയിൽ പരാജയപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നുണ്ടായ ഈ പരാജയം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പ്രതിപക്ഷ പ്രതിഷേധം ശക്തമായപ്പോൾ തന്നെ ബിൽ പരാജയപ്പെട്ടേക്കുമെന്ന് കേന്ദ്രത്തിന് സൂചന ലഭിച്ചിരുന്നു. എങ്കിലും ബിൽ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല. ബിൽ പരാജയപ്പെടുന്നത് ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രചാരണമായി ഉപയോഗിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പ്രതിപക്ഷത്തിനെതിരെ വലിയ പ്രചാരണം നടത്താനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബിൽ തള്ളിയത് സ്ത്രീവിരുദ്ധ നിലപാടാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർ ശ്രമിക്കും.

മറുഭാഗത്ത്, തങ്ങൾ വനിതാ സംവരണത്തിന് എതിരല്ലെന്നും മണ്ഡല പുനർനിർണയത്തിന് ശേഷമേ സംവരണം നടപ്പാക്കൂ എന്ന നിബന്ധനയെയാണ് എതിർക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് സംവരണം നൽകുന്നില്ലെന്നാണ് അവരുടെ ചോദ്യം. ചർച്ചകൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകിയ ശേഷമാണ് വൈകുന്നേരം ഏഴോടെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുൻപ് പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിൽ ഇനി സംയുക്ത പാർലമെന്ററി സമിതിക്ക് വിടാൻ സാധ്യതയുണ്ട്. നേരത്തെ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബില്ലിനെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ ബിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതല്ലെന്നും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകളുടെ പേര് പറഞ്ഞ് കൊണ്ടുവന്ന ഈ നിയമം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് എന്ന ആവശ്യം അട്ടിമറിക്കാനും ഒ.ബി.സി വിഭാഗങ്ങളുടെ അധികാരം കവർന്നെടുക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളെ അവഗണിക്കുന്ന ചരിത്രമാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം പറഞ്ഞു. അസമിലും കാശ്മീരിലും ചെയ്തതുപോലെ രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ ഭൂപടം മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണത്തെ ബി.ജെ.പി ഒരു രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അമിത് ഷാക്കെതിരെയും രാഹുൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു. നോട്ട് നിരോധനം പോലുള്ള നടപടികൾ പരാമർശിച്ച് നടത്തിയ വിമർശനങ്ങളെ സ്പീക്കർ തടയാൻ ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജാതി സെൻസസ് നടപ്പാക്കുകയാണ് യഥാർത്ഥ പരിഹാരമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments