Saturday, April 18, 2026
No menu items!
spot_img
HomeNewsIndiaരണ്ടാഴ്ച ഇന്ത്യ ചുട്ടുപൊള്ളും! തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ രാജ്യം, ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശമാകും

രണ്ടാഴ്ച ഇന്ത്യ ചുട്ടുപൊള്ളും! തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ രാജ്യം, ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശമാകും

ന്യൂഡൽഹി: തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ രാജ്യം. അടുത്ത രണ്ടാഴ്ച ഏറ്റവും ചൂടേറിയ ദിനങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ഉയരുമെന്നും ചില പ്രദേശങ്ങളിൽ 48 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി.

രാജ്യം രണ്ടാഴ്ച ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാകുമെന്നാണ് വകുപ്പ് നൽകുന്ന സൂചന. ഈ കൊടും ചൂടിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉപഭൂഖണ്ഡത്തിന് മുകളിൽ സ്ഥിരമായി ഒരു ഉയർന്ന മർദം നിലനിൽക്കുന്നു. ഇത് വിദഗ്ധർ ‘ഹീറ്റ് ഡോം’ എന്ന് വിളിക്കുന്ന ചൂടുള്ള വായുവിനെ സമ്മർദത്തിലാക്കും. കൂടാതെ ചൂടുള്ള വരണ്ട പടിഞ്ഞാറൻ കാറ്റും മൺസൂണിന് മുമ്പുള്ള മഴയുടെ കാലതാമസവും സാഹചര്യം കൂടുതൽ ദുഷ്കരമാക്കും. മേഘാവരണം ഇല്ലാത്തതിനാൽ നേരിട്ടുള്ള സൗരവികിരണം കരയുടെ ഉപരിഭാഗത്തെ വേഗത്തിൽ ചൂടുപിടിപ്പിക്കും.

രാജ്യത്തെ പലയിടങ്ങളിലും ഇത് തീവ്ര ഉഷ്ണതരംഗത്തിന് കാരണമാകും. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവയാണ് ഉഷ്ണതരംഗത്തിന്‍റെ കെടുതി കൂടുതൽ അനുഭവിക്കുക. നഗരങ്ങളിൽ ഇടുങ്ങിയ കെട്ടിട സമുച്ചയങ്ങളും പരിമിതമായ പച്ചപ്പും കാരണം ‘അർബൻ ഹീറ്റ് ഐലൻഡ്’ പ്രതിഭാസം ചൂട് വർധിപ്പിക്കാനിടയുണ്ട്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി ആശങ്കാജനകമാണ്. തുറസ്സായ ഭൂമികൾ പകൽ ചൂട് ആഗിരണം ചെയ്ത് രാത്രിയിലും ചൂട് നിലനിർത്തും. ഇതിനാൽ രാത്രി സമയത്തും ചൂട് കൂടുതലാകും.

ഐ.എം.ഡി ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും പൗരന്മാർക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. നേരിട്ട് വെയിലുകൊള്ളുന്നത് ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകും. ഉച്ച സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാനും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിർദേശം നൽകി.

ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഉഷ്ണതരംഗം വ്യാപകമായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഗോതമ്പ് പോലുള്ള വിളകളെ ഇത് കാര്യമായി ബാധിച്ചേക്കാം. വീടുകളും ബിസിനസ് സ്ഥാപനങ്ങളും കൂളിങ് സംവിധാനങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ സാധ്യതയുണ്ട്. ഈ കുതിച്ചുചാട്ടം വൈദ്യുതി ഗ്രിഡുകളെ ബാധിച്ചേക്കാം. ചില പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

പലയിടങ്ങളിലും ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും താപനിലക്ക് നേരിയ കുറവുണ്ടാമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments